ന്യുഡൽഹി: കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപിൽ ബീഫ് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഗോവധത്തിന് 10 വർഷം മുതൽ ജീവപര്യന്തംവരെ തടവും 5 ലക്ഷം രൂപവരെ പിഴയും ശിക്ഷ ശിപാർശ ചെയ്യുന്ന നിയമത്തിന്റെ കരട് പുറത്തിറങ്ങി.
‘ലക്ഷദ്വീപ് മൃഗസംരക്ഷണ നിയന്ത്രണ നിയമം 2021’ എന്ന പേരിലാണ് നിയമം തയാറാക്കിയത്. പശു, കാള എന്നിവയെ കശാപ്പ് ചെയ്യുന്നത് ഇതുപ്രകാരം കുറ്റകരമാണ്. പശു മാംസം കൈവശം വെച്ചാലും നടപടിയെടുക്കും. ബീഫും ബീഫ് ഉൽപന്നങ്ങളും കൊണ്ടുപോകുന്ന വാഹനമടക്കം പിടികൂടുന്നതിനും ശിക്ഷ നടപടി സ്വീകരിക്കുന്നതിനും നിയമത്തിൽ വകുപ്പുണ്ട്.
എരുമ, പോത്ത് എന്നിവയെ കശാപ്പ് ചെയ്യണമെങ്കിൽ പ്രത്യേക അനുമതി വേണമെന്നും കരട് നിയമത്തിൽ പറയുന്നു. പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാൻ നിയമത്തിന്റെ കരട് സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാർച്ച് 28നകം ഇ മെയിൽ വഴിയോ തപാലിലോ അഭിപ്രായം അറിയിക്കാമെന്ന് മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എ.ടി. ദാമോദർ അറിയിച്ചു.
Post Your Comments