Latest NewsKeralaNews

60 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്‌സിനേഷന്‍ ; 4 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളത്തിലെത്തും

വാക്സിനേഷന്‍ പ്രക്രിയ അവലോകനം ചെയ്യുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗവും ചേര്‍ന്നു

തിരുവനന്തപുരം : അറുപത് വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷനായി നാലു ലക്ഷം ഡോസ് വാക്‌സിന്‍ വെള്ളിയാഴ്ച കേരളത്തിലെത്തുമെന്ന് കേന്ദ്രം അറിയിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം വരുന്നതനുസരിച്ച് കോവിഡ് വാക്‌സിനായി 60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ രജിസ്ട്രേഷന്‍ ആരംഭിക്കുന്നതാണ്. ഇതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

300 ഓളം സ്വകാര്യ ആശുപത്രികളില്‍ വാക്സിന്‍ എടുക്കുവാനുള്ള സൗകര്യം ഒരുക്കി വരുന്നു. വെള്ളിയാഴ്ച സംസ്ഥാനത്ത് 4,06,500 ഡോസ് വാക്സിനുകള്‍ എത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിയ്ക്കുന്നത്. തിരുവനന്തപുരത്ത് 1,38,000 ഡോസ് വാക്സിനുകളും എറണാകുളത്ത് 1,59,500 ഡോസ് വാക്സിനുകളും, കോഴിക്കോട് 1,09,000 ഡോസ് വാക്സിനുകളുമാണ് എത്തുന്നതെന്നും മന്ത്രി പറഞ്ഞു.

വാക്സിനേഷന്‍ പ്രക്രിയ അവലോകനം ചെയ്യുന്നതിന് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത തല യോഗവും ചേര്‍ന്നു. ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങള്‍ യോഗം അവലോകനം ചെയ്തു. കോവിഡ് മുന്നണി പോരാളികളുടേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും വാക്സിനേഷന്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. കോവിഡ് മുന്നണി പോരാളികളുടേയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. അതിനാല്‍ തന്നെ കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശം വരുന്ന മുറയ്ക്ക് 60 വയസ് കഴിഞ്ഞവരുടെ രജിസ്ട്രേഷന്‍ തുടങ്ങാന്‍ സാധിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button