കുണ്ടറ; വെണ്ടാറിൽ നിന്നു രോഗിയുമായി കൊല്ലത്തെ ആശുപത്രിയിലേക്ക് പോയ സ്വകാര്യ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ച് മറിഞ്ഞ് എട്ടു പേർക്ക് സാരമായി പരിക്കേറ്റിരിക്കുന്നു. പരിക്കേറ്റവരിൽ കൂടുതൽ പേരും ആംബുലൻസിൽ ഉണ്ടായിരുന്നവരാണ്. ഗുരുതരമായി പരുക്കേറ്റ വെണ്ടാർ വടക്കടത്ത് വീട്ടിൽ വിഷ്ണു(22)വിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ബാക്കിയുള്ളവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും പ്രവേശിപ്പിക്കുകയുണ്ടായി.
ഇന്നലെ വൈകിട്ട് 5.30 ന് കുണ്ടറ പള്ളിമുക്കിലായിരുന്നു അപകടം ഉണ്ടായിരിക്കുന്നത്. ആംബുലൻസ് മറ്റൊരു വാഹനത്തെ മറികടന്ന് വരുമ്പോൾ എതിരെ വന്ന കാറിൽ ഇടിച്ചുമറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആംബുലൻസിന്റെ മുൻവശം മുഴുവൻ തകർന്നു. വാക്കനാട് ഇലയം ഭാഗത്തുള്ള മരംവെട്ടുകാരാണ് കാറിലുണ്ടായിരുന്നത്. അവർ ഇളമ്പള്ളൂരിൽ നിന്ന് പണി കഴിഞ്ഞ് വാക്കനാടിനു പോകുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വ്യാപാരികളുമാണ് രക്ഷാപ്രവർത്തനം നടത്തിയിരിക്കുന്നത്.
വിവരമറിഞ്ഞ് അഗ്നിശമനസേനയും, പൊലീസും സ്ഥലത്ത് എത്തുകയുണ്ടായി. മാവടി തെക്കേക്കര കൊച്ചുവീട്ടിൽ ശ്യാംദേവ് (22),വെണ്ടാർ ചരുവിള പുത്തൻ വീട്ടിൽ ഹരി (21), കൊട്ടാരക്കര കിഴക്കേക്കര വീട്ടിൽ ഉണ്ണിക്കുട്ടൻ (27),വെണ്ടാർ തിരുവോണത്തിൽ വിഷ്ണു (22),തിരുവോണത്തിൽ വിദ്യാധരൻ (53),മോഹൻ കുമാർ (56) എന്നിവരാണ് കൊട്ടാരക്കര താലൂക്കാശുപത്രിയിലുള്ളത്. സംഭവസമയത്ത് അതുവഴി നടന്നു പോകുകയായിരുന്ന ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി മേഘന അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തിൽ കാറിൽ നിന്നു തെറിച്ചുവീണ ഇരുമ്പു കഷണം കാലിൽ വീണ് പരുക്കേറ്റ മേഘന കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. കുണ്ടറ പൊലീസ് കേസെടുത്തു.
Post Your Comments