മാവേലിക്കര; ഇടവക വികാരിയെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിക്ക് 25 മാസം തടവ് ശിക്ഷ ലഭിച്ചിരിക്കുന്നു. കുറത്തികാട് ജറുസലം മാർത്തോമ്മാ പള്ളി വികാരി ആയിരുന്ന റവ. രാജി ഈപ്പന്റെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താൻ ശ്രമിച്ചെന്ന കേസിൽ ഇടവക അംഗം കൂടിയായ തെക്കേക്കര വടക്കേമങ്കുഴി തുണ്ടിൽ തറയിൽ സോണി വില്ലയിൽ തോമസിനെയാണ് (മോഹനൻ-59) മാവേലിക്കര അസിസ്റ്റന്റ് സെഷൻസ് ജഡ്ജി എഫ്.മിനിമോൾ ശിക്ഷിച്ചിരിക്കുന്നത്. 2016 മേയ് 6നു വൈകിട്ടു 4നു പള്ളിക്കമ്മിറ്റി നടക്കവേയാണു സംഭവം ഉണ്ടായത്.
തന്നെയാരും കമ്മിറ്റിക്കു വിളിക്കുന്നില്ലെന്നും അതു ചർച്ച ചെയ്യണമെന്നും തോമസ് യോഗ സ്ഥലത്തെത്തി ആവശ്യപ്പെടുകയുണ്ടായി. കമ്മിറ്റിയുടെ അവസാനം അക്കാര്യം ചർച്ച ചെയ്യാമെന്നു റവ. രാജി ഈപ്പൻ പറഞ്ഞതിന്റെ വിരോധത്തിൽ കൈവശമുണ്ടായിരുന്ന കവറിൽ നിന്നു കുപ്പിയെടുത്തു വികാരിയെ കടന്നുപിടിച്ച് വസ്ത്രത്തിലും മറ്റും പെട്രോൾ ഒഴിക്കുകയുണ്ടായി. ലൈറ്റർ കത്തിക്കാൻ ശ്രമിക്കുന്നതിനിടെ തോമസിനെ തള്ളിമാറ്റി വികാരി ഓടി രക്ഷപ്പെടുകയായിരുന്നു എന്ന് കേസിൽ പറയുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ.നാസറുദ്ദീൻ ഹാജരായി.
Post Your Comments