കാസര്‍കോട്: ശബരിമലയില്‍ വിശ്വാസികള്‍ക്കെതിരായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചതെന്ന വിമർശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കാസര്‍കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് നിയന്ത്രണത്തിൽ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും യോഗി കുറ്റപ്പെടുത്തി. ഒരു കാലത്ത് യുപിയെ നോക്കി പരിഹസിച്ച പിണറായിയുടെ സര്‍ക്കാരിനെ നോക്കി ലോകം പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു
”കേരളത്തില്‍ എല്‍ഡിഎഫ് -യുഡിഎഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അഴിമതി മാത്രമാണ് നല്‍കുന്നത്. ജനവികസനത്തിനായി ഒന്നും നല്‍കിയിട്ടില്ല. 2009ല്‍ കേരളത്തിലെ ജ്യുഡീഷ്യറി ലൗജിഹാദിനെ പറ്റി പറഞ്ഞു. എന്നാല്‍ ലൗജിഹാദിനെതിരെ നടപടിയെടുക്കുന്നതിന് പകരം അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. ഉത്തര്‍പ്രദേശ് സര്‍ക്കാരാകട്ടെ ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവന്നു. കേരളത്തിന്റെ സമൃദ്ധിയാണ് ജനങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരണം.
പിണറായി സര്‍ക്കാര്‍ ജനഹിതത്തിന് അനുസരിച്ചല്ല പ്രവര്‍ത്തിക്കുന്നത്. ശബരിമലയില്‍ ജനഹിതത്തിന് എതിരായാണ് പ്രവര്‍ത്തിച്ചത്. തീവ്രവാദികളെ സഹായിക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിശ്വാസത്തിന് എതിരായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. രാമക്ഷേത്രമെന്നത് രാജ്യത്തിന്റെ മന്ദിരമാണ്. അതിനായി കേരളം നല്‍കുന്ന സംഭാവനയ്ക്ക് നന്ദി. കോവിഡിനെ പരാജയപ്പെടുത്തുന്നതില്‍ പിണറായി സര്‍ക്കാര്‍ പരാജയപ്പെട്ടു. ഒരു കാലത്ത് യുപിയെ നോക്കി പരിഹസിച്ച പിണറായിയുടെ സര്‍ക്കാരിനെ നോക്കി ലോകം പരിഹസിക്കുകയാണ്.” യോഗി സമ്മേളനത്തിൽ പറഞ്ഞു.
Post Your Comments