KeralaLatest NewsNews

അരുണുമായി പ്രശ്‌നങ്ങളില്ല, രാജേഷിന്റെ വിശദീകരണം : രേഷ്മയുടെ കൊലയില്‍ ദുരൂഹത

ഇടുക്കി: മകളെ കൊല്ലാന്‍ പാകത്തില്‍ അരുണുമായി യാതൊരുപ്രശ്‌നങ്ങളുമില്ലെന്ന് രേഷ്മയുടെ പിതാവ് രാജേഷ്. മകളുടെ മരണത്തിനു പിന്നില്‍ എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ല. കുടുംബവുമായി അരുണ്‍ സൗഹൃദത്തിലായിരുന്നു. യാതൊരു പ്രശ്‌നങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. അടുത്ത കാലത്ത് മകള്‍ അരുണിനെ കണ്ടതായോ ഫോണ്‍ വിളിച്ചതായോ വെളിപ്പെടുത്തിയിരുന്നില്ലെന്നും രാജേഷ് അറിയിച്ചു.

Read Also : ദൃശ്യം കോമഡി സ്കിറ്റിൽനിന്ന് ദൃശ്യം 2 ലേക്ക്: ജീത്തു ജോസഫിന്റെ കണ്ടെത്തലിന് കയ്യടിച്ച് സോഷ്യൽ മീഡിയ

കൊല്ലപ്പെടുന്നതിന് മുമ്പ് രേഷ്മയ്‌ക്കൊപ്പം അരുണ്‍ ഉണ്ടായിരുന്നതായുള്ള സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു. രേഷ്മ സ്‌കൂളില്‍ പോകുമ്പോഴും തിരിച്ചുവരുമ്പോഴും പലപ്പോഴും അരുണ്‍ കൂടെയുണ്ടായിരുന്നു എന്നതിനുള്ള സൂചനകള്‍ ഇന്നലെ പൊലീസിന് ലഭിച്ചിരുന്നു. വിജനമായ പ്രദേശത്തുകൂടി വരുന്നതിനാല്‍ രേഷ്മയ്ക്ക് കൂട്ടായിട്ടായിരിക്കാം അരുണ്‍ അനുഗമിച്ചിരുന്നതെന്നാണ് നാട്ടുകാരിലേറെപ്പേരും വിശ്വസിച്ചിരുന്നത്.

ഇതെത്തുടര്‍ന്ന് രേഷ്മ വീട്ടിലേയ്ക്ക് വരുന്ന വഴിയില്‍ പ്രവര്‍ത്തിച്ചിരുന്ന റിസോര്‍ട്ടുകളിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് വൈകിട്ട് 4.30 നോടടുത്ത് അരുണ്‍ രേഷ്മയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്ന് വ്യക്തമായത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ തുടരുകയാണ്. രേഷ്മയുടെ മൃതദേഹം കിടന്നിരുന്നതിന് സമീപത്തു നിന്നും അരുണിന്റെ മൊബൈലും ചാര്‍ജറും പൊലീസ് കണ്ടെടുത്തു.

ഇന്നലെ രാത്രി 10 മണിയോടടുത്താണ് പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം ഈറ്റക്കാട്ടില്‍ കൈയിലും കഴുത്തിലും മുറിവേറ്റ നിലയില്‍ രേഷ്മയെ കണ്ടെത്തുന്നത്. അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ മരണം നടന്നിട്ട് ഏതാണ്ട് മൂന്നുമണിക്കൂര്‍ കഴിഞ്ഞെന്ന് അറിയിക്കുകയായിരുന്നു.നെഞ്ചില്‍ കുത്തേറ്റിരുന്നതായും പരിശോധനയില്‍ വ്യക്തമായിരുന്നു.

നിലവില്‍ പുറത്തുവരുന്ന വിവരങ്ങള്‍ ശരിയാണെങ്കില്‍ രേഷ്മയ്ക്കുനേരെ 7 മണിയോടെ ആക്രണമുണ്ടായിരിക്കാമെന്നാണ് പൊലീസ് അനുമാനം. കുത്താനുപയോഗിച്ചത് കത്തിയോ ഉളിയോ എന്ന കാര്യത്തില്‍ പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാലെ വ്യക്തമാവൂ എന്നാണ് പൊലീസ് നിലപാട്. വടാട്ടുപാറ സ്വദേശിയായ രാജേഷ് 18 വര്‍ഷത്തിലേറെയായി ചിത്തിരപുരത്ത് വിവിധ ഭാഗങ്ങളിലായി വാടകയ്ക്ക് താമസിക്കുകയാണ്. അരുണ്‍ നേര്യമംഗലം നീണ്ടപാറയില്‍ മാതാവിനും സഹോദരിക്കുമൊപ്പമാണ് താമസിച്ചു വന്നിരുന്നത്. രാജേഷിന്റെ പിതാവ് അംബുജാക്ഷന്റെ രണ്ടാം വിവാഹബന്ധത്തിലെ മകനാണ് അരുണ്‍.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button