രതീഷ് അമ്പാട്ടിൻ്റെ പുതിയ ചിത്രത്തിൽ പൃഥ്വിരാജ് നായകൻ. മുരളിഗോപി തിരക്കഥയൊരുക്കുന്ന ‘തീർപ്പ്’ എന്ന ചിത്രത്തിന് ശനിയാഴ്ച എറണാകുളത്ത് തുടക്കമാകും. ഇന്ദ്രജിത്ത് സുകുമാരൻ, വിജയ് ബാബു, സിദ്ദിഖ്, ഇഷ തൽവാർ തുടങ്ങിയ താരനിര അണിനിരക്കുന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ മാർച്ച് ആദ്യവാരമാകും പൃഥ്വിരാജ് ചേരുക.
ഫ്രൈഡേ ഫിലിം ഹൗസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് മുരളി ഗോപിയും രതീഷ് അമ്പാട്ടുമാണ്. ഇരുവരും ഒരുമിച്ച ‘കമ്മാരസംഭവം’ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമായിരുന്നു. ദിലീപ് നായകനായ ചിത്രത്തിന് മികച്ച വരവേൽപ്പായിരുന്നു ലഭിച്ചത്. കമ്മാരസംഭവത്തിനു ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും ഒന്നിക്കുന്ന ചിത്രമാണ് ‘തീർപ്പ്’. ഛായാഗ്രഹണം സുനിൽ.കെ.എസ്. നിലവിൽ രവി.കെ. ചന്ദ്രന്റെ ‘ഭ്രമ’ത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്.
ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ‘ജനഗണമന’, തനു ബാലക് സംവിധാനം ചെയ്യുന്ന ‘കോൾഡ് കേസ്’ എന്നിവയാണ് പൃഥ്വിരാജിന്റെ ഉടൻ പുറത്തുവരാനുള്ള ചിത്രങ്ങൾ.
Post Your Comments