പുതുച്ചേരി : ‘തന്നെ സാറെന്ന് വിളിക്കരുത്, താൻ സാറേയല്ല’- തന്നെ ‘സർ’ എന്ന് അഭിസംബോധന ചെയ്ത പുതുച്ചേരി ഭാരതി ദാസൻ സർക്കാർ കോളേജിലെ വിദ്യാർഥിയെ തിരുത്തിയതായിരുന്നു രാഹുൽ ഗാന്ധി. ‘ തന്നെ ‘രാഹുൽ’ എന്നു വിളിച്ചാൽ മതിയെന്നും പറഞ്ഞായിരുന്നു കുട്ടികളെ രാഹുൽ കൈയ്യിലെടുത്തത്. അപ്രതീക്ഷിതമായി രാഹുൽ ഇങ്ങനെ പറഞ്ഞതോടെ നിറഞ്ഞ കൈകയ്യടികളോടെ വിദ്യാർഥി സദസ് അതേറ്റെടുക്കുകയും ചെയ്തു.
ചോദ്യം ചോദിക്കുന്നതിനിടെയാണ്, രാഹുലിനെ വിദ്യാർഥികളിലൊരാൾ സർ എന്നു വിളിച്ചത്. എന്നാൽ, താൻ സാറേയല്ലെന്നും എന്റെ പേര് രാഹുൽ എന്നാണെന്നുമായിരുന്നു രാഹുലിന്റെ മറുപടി. നിങ്ങൾക്ക് നിങ്ങളുടെ പ്രിൻസിപ്പലിനേയോ അധ്യാപകരേയോ അങ്ങനെ വിളിക്കാം. പക്ഷെ ഞാൻ രാഹുലാണ് – രാഹുൽ പറഞ്ഞു.
നിങ്ങളെ ഞാൻ രാഹുൽ അണ്ണാ (സഹോദരൻ) എന്നു വിളിക്കട്ടെയെന്നായിരുന്നു അടുത്ത ചോദ്യം. അതിനാകട്ടെ രാഹുലിന്റെ പ്രതികരണം മയപ്പെടുത്തിയായിരുന്നു. ‘അത് നല്ലതാണ്. അങ്ങനെ വിളിച്ചോളു’ . രാഹുലിന്റെ ഈ പ്രതികരണത്തിനും കുട്ടികൾ കൈയ്യടിച്ചു.
ഇതിന്റെ വീഡിയോ രാഹുൽ തന്നെ ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവെച്ചു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ പെൺകുട്ടിയെ ചേർത്തു പിടിച്ച് ഫോട്ടോയെടുക്കുന്ന രാഹുലിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. നിയമസഭാ തിരിഞ്ഞെടുപ്പിന് മുന്നോടിയായുള്ള കോൺഗ്രസിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ പുതുച്ചേരിയിലെത്തിയത്.
Post Your Comments