KeralaLatest NewsArticleNews

എന്താണ് ഫാസ് ടാഗ്? നിർബന്ധമാകുന്നത് എന്തുകൊണ്ട്?

കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്

ദേശീയ പാതകളിലെ ടോൾ പ്ലാസകളിൽ സമ്പൂർണ ഫാസ് ടാഗ് സംവിധാനം നിലവിൽ വരുമ്പോൾ അതിനൊപ്പമുയരുന്ന ആശങ്കകളും ആവലാതികളും കുറച്ചൊന്നുമല്ല യാത്രക്കാരെ അലട്ടുന്നത്. എന്നാൽ, തിരക്കിട്ട് ഏർപ്പെടുത്തുന്ന ഈ സംവിധാനം യാത്രക്കാരെ ബുദ്ധിമുട്ടിക്കില്ലെന്ന ഉറപ്പാണ് ഇക്കാര്യത്തിൽ ദേശീയപാത അതോറിറ്റി നൽകുന്നത്.

ഏത് ടോൾ പ്ലാസയിലും ഉപയോഗിക്കാവുന്ന കടലാസ് രഹിത ഏകീകൃത പ്രീപെയ്ഡ് സംവിധാനമാണ് ഫാസ്ടാഗ്. അഥവാ വാഹനങ്ങളിൽ പതിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്സി ഐഡന്റിഫിക്കേഷൻ സ്റ്റിക്കറാണ് ഫാസ് ടാഗ്. വാഹനത്തിന്റെ വിൻഡ് സ്‌ക്രീനിൽ ഫാസ് ടാഗ് പതിച്ച വാഹനം കടന്നു പോകുമ്പോൾ ടോൾ ഓട്ടോമാറ്റിക്ക് ആയി ശേഖരിക്കപ്പെടുന്നു. വാഹനം നിർത്തി ടോൾ കൊടുക്കേണ്ട ആവശ്യമില്ലെന്ന് മാത്രമല്ല, തിരക്ക് ഒഴിവാക്കി ടോളുകളിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോമാഗ്നെറ്റിക് ഫ്രീക്വൻസി ഉപയോഗിച്ച് വാഹനത്തിന്റെ വിവരങ്ങളും ഒപ്പം പ്രീപെയ്ഡ് അക്കൗണ്ടിൽ നിന്ന് പൈസയും പിൻവലിക്കപ്പെടും. വാഹനം ടോൾ പ്ലാസ കടന്നു കഴിഞ്ഞാൽ ഉടമയ്ക്ക് എസ്എംഎസ് അലേർട്ടും ലഭിക്കുന്നതാണ്. എൻഎച്ച്എഐയുടെ 615-ഓളം ടോൾ പ്ലാസകളും കൂടാതെ 100 ദേശീയ ടോൾ പ്ലാസകളും ടോൾ ശേഖരണത്തിനായി ഫാസ്ടാഗുകൾ ഉപയോഗിക്കുന്നുണ്ട്.

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) അതിന്റെ അനുബന്ധ കമ്പനിയായ ഇന്ത്യൻ ഹൈവേ മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് (ഐഎച്ച്എംസിഎൽ) വഴിയാണ് ഫാസ്ടാഗ് വിൽക്കുകയും പ്രവർത്തനം ക്രമീകരിക്കുകയും ചെയ്യുന്നത്. ഒരു ബാങ്കിൽ നിന്നെടുത്ത ഫാസ്ടാഗ് മറ്റൊരു ബാങ്കിന്റെ അക്കൗണ്ട് ഉപയോഗിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ ഉപയോക്താക്കൾ അവരുടെ ബാങ്ക് അക്കൗണ്ടുകളുള്ള ബാങ്കിൽ നിന്ന് ഫാസ്ടാഗ് വാങ്ങാൻ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

കൂടാതെ, എൻഎച്ച്എംസിഎൽ ഓൺലൈൻ വഴി എൻഎച്ച്എഐ നൽകുന്ന ബാങ്ക്-ന്യൂട്രൽ ഫാസ്റ്റാഗുകളും ഉപയോഗിക്കാം. ഏതെങ്കിലും ബാങ്കുമായി ലിങ്ക് ചെയ്യാത്ത തരത്തിലാണ് ബാങ്ക്-ന്യൂട്രൽ ഫാസ്റ്റാഗുകൾ. ഫാസ്റ്റ് ടാഗ് അക്കൗണ്ടിലേക്ക് ലിങ്ക് ചെയ്യാൻ ഉപയോക്താവിന് ഇഷ്ടമുള്ള പേയ്‌മെന്റ് മാർഗം തിരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള ഫാസ്റ്റ് ടാഗുകളാണ് നിലവിൽ ഏറ്റവും ജനപ്രിയമായിട്ടുള്ളത്. ഏകദേശം രണ്ട് കോടി ഫാസ്ടാഗ് ഉപയോക്താക്കൾ രാജ്യത്തുണ്ട്. ഇന്ത്യയിൽ അഞ്ച് കോടി വാഹനങ്ങളുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

ഫാസ് ടാഗ് ഇല്ലെങ്കിൽ?

ഇനി അബദ്ധത്തിൽ ഫാസ് ടാഗില്ലാതെ ഫാസ് ടാഗ് ഹൈവേയിൽ പ്രവേശിച്ചാൽ ടോൾ തുകയുടെ ഇരട്ടി പിഴയൊടുക്കേണ്ടി വരും. മാത്രമല്ല, ഫാസ് ടാഗിന് കേടുപാടുകൾ സംഭവിക്കുന്ന പക്ഷം, അക്കൗണ്ടിലെ പണം തീരുന്ന മുറയ്ക്കും പിഴയൊടുക്കാൻ വാഹന ഉടമ ബാധ്യസ്ഥനാണ്.

ടോൾ കൺസെഷൻ ?

മറ്റൊന്ന് ടോൾ പരിധിയുടെ പത്ത് കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ആളാണ് വാഹന ഉടമ എങ്കിൽ ഫാസ് ടാഗിൽ ഇളവ് ലഭിക്കുന്നതിന് മേൽ വിലാസം തെളിയിക്കുന്ന രേഖ നൽകിയാൽ മതി.

ഫാസ് ടാഗുമായി ബന്ധപ്പെട്ടുള്ള പരാതികൾ?

ഫാസ് ടാഗുമായി ബന്ധപ്പെട്ടുള്ള പരാതികൾക്കായി എൻഎച്ച്എഐക്ക് കീഴിലുള്ള ഓൾ ഇന്ത്യാ ഹെൽപ്പ്‌ലൈൻ നമ്പർ ആയ 1033 എന്ന നമ്പറിലേക്ക് വിളിക്കാം. എൻഎഎഎഐയുടെ ഫാസ്റ്റ്ടാഗുകളുമായി ബന്ധപ്പെട്ട പരാതി പരിഹാരം സാധാരണ ഗതിയിൽ വേഗത്തിലാണ് നടപ്പാവുന്നത്.

ഫാസ് ടാഗ് എവിടെ ലഭിക്കും

രാജ്യത്ത് 23 ബാങ്കുകളിലും എല്ലാ ടോൾ പ്ലാസകളിലും ഫാസ് ടാഗ് ലഭിക്കുന്നതാണ്.

ടോൾ പ്ലാസകളിൽ നിന്ന് ഫാസ് ടാഗ് എടുക്കാൻ ആർസി ബുക്ക്, മേൽ വിലാസം തെളിയിക്കുന്ന ആധാർ കാർഡ്/ വോട്ടർ ഐഡി എന്നിവ നൽകണം. അഥവാ പുതിയ വാഹനം എടുക്കുന്നവർക്ക് വിതരണക്കാർ തന്നെ ഫാസ് ടാഗ് നൽകുന്നതായിരിക്കും.

ബാങ്ക് മുഖേനയാണ് ഫാസ്ടാഗ് വാങ്ങുന്നതെങ്കിൽ ഫാസ് ടാഗിനായി ഓൺലൈൻ സേവനമോ നേരിട്ടോ സമീപിക്കാവുന്നതാണ്. ഓൺ ലൈനായി ഫാസ് ടാഗ് സ്വന്തമാക്കാൻ വാഹനത്തിന്റെ രണ്ട് ഫോട്ടോയും അനുബന്ധരേഖകളും സമർപ്പിക്കണം. തുടർന്ന് ഫാസ് ടാഗിനായി ബാങ്ക് പ്രത്യേക അക്കൗണ്ട് ഉണ്ടാക്കുകയും ഇതിലേക്ക് മാറ്റുന്ന തുക ടോൾ പിരിവ് നൽകുന്നതിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ഈ അക്കൗണ്ട് മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതല്ല. നേരിട്ടാണ് ഫാസ് ടാഗ് വാങ്ങുന്നതെങ്കിൽ രേഖകൾ സമർപ്പിക്കുന്ന പക്ഷം ഫാസ് ടാഗ് ലഭിക്കുന്നതാണ്. വാഹനം കൊണ്ടു പോകേണ്ടതില്ല.

500 രൂപയാണ് ഫാസ് ടാഗിനായുള്ള ചെലവ്. ഇതിൽ 200 രൂപ നിക്ഷേപവും 100 രൂപ ഫീസ് ഇനത്തിലും 200 രൂപ ആദ്യ ടോൾ പ്രീപെയ്ഡ് പിരിവ് എന്ന നിലയിലുമാണ് ഈടാക്കുന്നത്. അക്കൗണ്ടിലെ തുക കുറയുന്നതിനനുസരിച്ച് മൊബൈൽ ആപ്പ് ഉപയോഗിച്ച് അക്കൗണ്ട് റീ ചാർജ് ചെയ്യേണ്ടതാണ്.

 

 

shortlink

Post Your Comments


Back to top button