നടനും സംവിധായകനുമായ രമേശ് പിഷാരടി കോൺഗ്രസിലേക്ക്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരളയാത്രയി’ൽ പങ്കെടുക്കും. ഐശ്വര്യ കേരളയാത്ര ഹരിപ്പാട് എത്തുമ്പോൾ പിഷാരടി അണിചേരുമെന്നാണ് ലഭിക്കുന്ന വിവരം. രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രയുടെ സമാപനദിനമാണ് ഇന്ന്.
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി പിഷാരടി ചർച്ച നടത്തി. യുവനേതാക്കളുടെ ഇടപെടലിനെ തുടർന്നാണ് പിഷാരടി കോൺഗ്രസിലേക്ക് വരുന്നതെന്നാണ് സൂചന. നേരത്തേ, പിഷാരടിയുടെ ഉറ്റസുഹൃത്തും നടനുമായ ധർമജൻ കോൺഗ്രസിലേക്ക് വന്നിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ താൽപ്പര്യമുണ്ടെന്ന് ധർമജൻ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പിഷാരടിയുടെ രംഗപ്രവേശനം.
Also Read:യു.എസ്. ബ്ലോഗറെ കൊലപ്പെടുത്തിയ അഞ്ചു ബംഗ്ലാദേശികൾക്ക് വധശിക്ഷ
അടുത്തിടെ രമേശ് പിഷാരടി ഫേസ്ബുക്കിൽ പങ്കുവെച്ച ഒരു ഫോട്ടോ ഏറെ ചർച്ചയായിരുന്നു. ‘മടിറ്റേഷൻ’ എന്ന തലക്കെട്ടോടുകൂടിയായിരുന്നു പിഷാരടി തൻ്റെ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവെച്ചത്. എന്നാൽ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എപി അബ്ദുള്ളക്കുട്ടി ഇതിനെതിരെ രംഗത്ത് വരികയായിരുന്നു. ‘പിഷാരടി നിങ്ങൾ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്. ‘മടിറ്റേഷൻ’ എന്നു പറയുന്നത് ഗൗരവ തെറ്റാണ്. അത് കളിയാക്കലാണ്. മെഡിറ്റേഷൻ ഇതിഹാസങ്ങളിൽ നിന്നും വേദങ്ങളിൽ നിന്നും ഉണ്ടായ ഒന്നാണ്. അതിനെ തെറ്റായ രീതിയിൽ വിശേഷിപ്പിക്കുന്നത് ശരിയല്ല’ എന്നായിരുന്നു അബ്ദുള്ളക്കുട്ടി പ്രതികരിച്ചിരുന്നത്. ഈ വിവാദത്തിൻ്റെ അലയടികൾ അവസാനിക്കുമ്പോഴാണ് പിഷാരടിയുടെ രാഷ്ട്രീയ രംഗപ്രവേശനം എന്നതും ശ്രദ്ധേയം.
Post Your Comments