KeralaLatest NewsNews

സംസ്ഥാന സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍, സമരം നടത്തിയത് ഇതുവരെ കാണാത്ത രീതിയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് ഉദ്യോഗാര്‍ത്ഥികള്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ 21 ദിവസമായി സമരം തുടരുന്ന എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് മുട്ടിലിഴഞ്ഞ് സര്‍ക്കാരിനോട് യാചിച്ചാണ് സമരം നടത്തിയത്. വെയിലത്ത് മുട്ടിലിഴഞ്ഞുളള പ്രതിഷേധത്തിനിടെ ചിലര്‍ കുഴഞ്ഞ് വീണു. ഇവരെ ഉടനെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി. തിരുവനന്തപുരത്ത് കൂടാതെ കോഴിക്കോടും കണ്ണൂരും ഉദ്യോഗാര്‍ത്ഥികള്‍ യാചനാ സമരം നടത്തി.

Read Also : പെണ്ണിന്റെ തുണിയുടെ നീളം മാത്രം നോക്കി പ്രതികരിക്കുന്നവരുടെ മുഖത്ത് നോക്കി തുപ്പണം,രചനാ നാരായണന്‍ കുട്ടി 

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ നിന്നും സമരപ്പന്തലിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ മുട്ടിലിഴഞ്ഞത്. സ്ത്രീകള്‍ അടക്കമുളളവര്‍ സമരത്തില്‍ പങ്കെടുത്തു. പിഎസ്‌സി റാങ്ക് പട്ടിക നീട്ടുന്നതിലും നിയമനം വേഗത്തില്‍ നടത്തുന്നതിലും ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകാത്ത പശ്ചാത്തലത്തിലാണ് ഉദ്യോഗാര്‍ത്ഥികള്‍ റോഡില്‍ മുട്ടിലിഴഞ്ഞ് യാചിച്ച് കൊണ്ടുളള സമര രീതിയിലേക്ക് കടന്നത്. നേരത്തെ ഉദ്യോഗാര്‍ത്ഥികള്‍ ശയന പ്രദക്ഷിണ  സമരവും നടത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുണ്ട്. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും എംഎല്‍എമാരുമായ ഷാഫി പറമ്പിലും കെ.എസ് ശബരീനാഥനും ഇന്നലെ മുതല്‍ സമരപ്പന്തലില്‍ നിരാഹാര സമരം നടത്തുകയാണ്. അതിനിടെ സംസ്ഥാന സര്‍ക്കാര്‍ പിന്‍വാതില്‍ നിയമനം നടത്തുന്നു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി.

പ്രതിഷേധ മാര്‍ച്ചായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമം നടത്തി. ഇതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button