കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി നേതാവ് സഞ്ചരിച്ച കാറിന് നേരെ ബോംബാക്രമണം. ബാബു മാസ്റ്റര്‍ എന്നറിയപ്പെടുന്ന ഫിറോസ് കമാല്‍ ഗാസിക്കുനേരെയാണ് ആക്രമണമുണ്ടായത്. കാറിനുനേരെ അപരിചിതര്‍ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ഫിറോസ് കമാലിന് പരിക്കേറ്റു.
കൊൽക്കത്തയിലേക്ക് പോകുന്നവഴി ബസന്തി ഹൈവേയിൽവെച്ചാണ് ഗാസിയ്ക്ക് നേരെ ബോംബേറ് ഉണ്ടായത്. വാഹനങ്ങളിലായി എത്തിയ അജ്ഞാത സംഘം ഗാസി സഞ്ചരിച്ചിരുന്ന കാറിന് നേരെ ബോംബെറിയുകയായിരുന്നു. സംഭവത്തിൽ ഗാസിക്കൊപ്പമുണ്ടായിരുന്നു ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെങ്കിലും ഇരുവരും ഇപ്പോഴും നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അടുത്തിടെയാണ് ഗാസി തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. പ്രദേശത്തെ വളരെ സ്വാധീനമുള്ള തൃണമൂൽ നേതാവായിരുന്നു അദ്ദേഹം. ബിജെപിയിൽ ചേർന്നതിന് പിന്നാലെ അദ്ദേഹത്തിന് തൃണമൂൽ നേതാക്കളിൽ നിന്നും ഭീഷണി നിലനിന്നിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
Post Your Comments