മലപ്പുറം: പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യത്തില്‍ കഴിയുന്ന മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് ജില്ല വിട്ട് പുറത്ത് പോകരുതെന്ന ജാമ്യ വ്യവസ്ഥ ലംഘിച്ച് പാണക്കാടെത്തി. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് ഇബ്രാഹിംകുഞ്ഞ് പാണക്കാടെത്തിയത്. മുസ്ലീം ലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍, ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരെ വിട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ പികെ കുഞ്ഞാലിക്കുട്ടിയുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി.
എന്നാൽ പാലാരിവട്ടം പാലം അഴിമതി കേസിലെ അഞ്ചാം പ്രതിയാണ് ഇബ്രാഹിംകുഞ്ഞ്. ആരോഗ്യനില പരിഗണിച്ച് ജില്ല വിടരുതെന്ന നിബന്ധനയോട് കൂടിയായിരുന്നു കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നത്. ഇതിനിടെ മലപ്പുറം മമ്പുറം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവാദം നല്‍കണമെന്നാവശ്യവുമായി ഇബ്രാഹിംകുഞ്ഞ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. ഇത് പരിഗണിച്ചാണ് 10 മുതല്‍ 13 വരെ ദിവസങ്ങളില്‍ എറണാകുളം ജില്ലയ്ക്ക് പുറത്ത് പോകുവാന്‍ കോടതി അനുമതി നല്‍കിയത്.
Read Also: വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇറാന്‍; ഒറ്റപ്പെടുത്തി ലോകരാജ്യങ്ങൾ
എന്നാല്‍ മമ്പുറം പള്ളിയില്‍ പ്രാര്‍ത്ഥന നടത്താന്‍ മാത്രമേ ഇളവ് ഉപയോഗക്കാവൂ എന്ന് കോടതി പ്രത്യേകം പരാമര്‍ശിച്ചിരിക്കെയാണ് അദ്ദേഹം വ്യവസ്ഥ ലംഘിച്ച് പാണക്കാടെത്തി ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇബ്രാഹിംകുഞ്ഞിന്റെ മകന്‍ അബ്ദുള്‍ ഗഫൂര്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. മകനെ കളമശ്ശേരി മണ്ഡലത്തില്‍ നിര്‍ത്തണമെന്ന ആവശ്യവുമായാണ് അദ്ദേഹം പാണക്കാടെത്തിയതെന്നാണ് വിവരം. പാണക്കാടെത്തിയ വിവരം വാര്‍ത്തയായതോടെ പെട്ടെന്ന് മടങ്ങുകയും ചെയ്തു.
Post Your Comments