ന്യൂഡല്‍ഹി : ഇന്ത്യയിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാറിന്‍റെ മുന്നറിയിപ്പ്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയ ആയിരത്തോളം അക്കൗണ്ടുകള്‍ പൂട്ടണമെന്ന കേന്ദ്ര നിര്‍ദേശം ട്വിറ്റര്‍ അധികൃതര്‍ തള്ളിയതിന് പിന്നാലെയാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്ത് വിദ്വേഷം പരത്തുന്നത് അനുവദിക്കാനാവില്ലെന്ന് കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു.
സമൂഹമാധ്യമങ്ങളെ എല്ലാവരും ബഹുമാനിക്കുന്നുണ്ടെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സാധാരണക്കാരുടെ ശബ്ദമാകാന്‍ അതിന് കഴിയുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. എന്നാല്‍, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനായി സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ നടപടിയെടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഖലിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്നുവെന്നും പാകിസ്ഥാന്റെ പ്രേരണയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് 1178 അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. 500 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചിരുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്രത്തിനുള്ള അവകാശം ചൂണ്ടിക്കാട്ടി മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയ നേതാക്കളുടെയും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ട്വിറ്റര്‍ തയ്യറായില്ല.
Post Your Comments