തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിരോധിച്ച ഡ്രോണുകളുമായി വിദേശത്തുനിന്നെത്തിയ നാലു യാത്രക്കാര്‍ പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണവുമായി പോലീസ് .ഷാര്‍ജയില്‍നിന്ന് ചൊവ്വാഴ്ച രാത്രി 11.30-ന് തിരുവനന്തപുരത്തെത്തിയ എയര്‍ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ യാത്രക്കാരാണ് കസ്റ്റംസിന്റെ എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. കണ്ടെത്തിയത് നിരോധിച്ച വിഭാഗത്തിലുള്ള ഡ്രോണുകളായതിനാല്‍ സംസ്ഥാന-കേന്ദ്ര രഹസ്യ പൊലീസ് വിഭാഗങ്ങളും അന്വേഷണമാരംഭിച്ചു.
ബാഗുകള്‍ക്കുള്ളില്‍ ചോക്ലേറ്റ് പൊതികളിലും ബിസ്‌കറ്റ് പൊതികളിലുമായാണ് ഡ്രോണിന്റെ ഭാഗങ്ങള്‍ ഇളക്കി ഒളിപ്പിച്ചിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. അതായത് പിടിക്കപ്പെടാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എല്ലാം അവര്‍ എടുത്തിരുന്നു. സംശയം തോന്നിയുള്ള പരിശോധനയിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. പത്തു ദിവസം മുന്‍പ് സന്ദര്‍ശക വിസയില്‍ മുംബൈ വഴിയാണ് നാലുപേരും ഷാര്‍ജയിലെത്തിയത്. ഷാര്‍ജയിലുള്ളവരാണ് തങ്ങള്‍ക്ക് ഡ്രോണുകള്‍ തന്നുവിട്ടതെന്ന് പിടിയിലായവര്‍ കസ്റ്റംസ് അധികൃതരോടു സമ്മതിച്ചു.
തമിഴ്‌നാട്ടിലെത്തിച്ച ശേഷം ഇവ വാങ്ങാനായി ആളെത്തുമെന്നാണ് തന്നയച്ചവര്‍ ഇവര്‍ക്കു നല്‍കിയ നിര്‍ദ്ദേശം. ഇന്ത്യയില്‍ നിരോധിച്ചിരിക്കുന്ന വിദേശ വിഭാഗത്തിലുള്ള ഡ്രോണുകളാണ് കണ്ടെടുത്തത്. ഈ വിവരം പൊലീസിനും കേന്ദ്ര ഏജന്‍സികള്‍ക്കും കൈമാറി. ഇതോടെയാണ് അവര്‍ അന്വേഷണം തുടങ്ങിയത്. കൂടുതല്‍ തെളിവു കിട്ടിയാല്‍ സംഭവത്തില്‍ അന്വേഷണം വിദേശത്തേക്കും നീളും.മഹാരാഷ്ട്രക്കാരായ ഗുല്‍ദാസ് അബ്ദുല്‍ കരീം, മുഹമ്മദ് സോയന്‍ ഉസ്മാന്‍, ത്രിവേണി പ്രമോദ്, തമിഴ്‌നാട് സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ എന്നിവരാണ് പിടിയിലായത്.
ഇവരില്‍നിന്ന് അത്യാധുനിക സംവിധാനങ്ങളോടുകൂടിയതും ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ മികച്ച ശേഷിയുള്ളതുമായ എട്ട് ഡ്രോണുകളാണ് പിടിച്ചെടുത്തത്. ഇവര്‍ക്കെതിരേ കസ്റ്റംസ് കേസെടുത്തിട്ടുണ്ട്. നാല് ഐഫോണുകളും നാല് വാച്ചുകളും ഇവരില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.
Post Your Comments