KeralaLatest NewsNews

ശബരിമലയിൽ പ്രശ്നമൊന്നുമില്ല, പിഎസ്‌സി സമരത്തിന് പിന്നിൽ രാഷ്ട്രീയം : കാനം രാജേന്ദ്രൻ

ശബരിമലയുടെ പേരില്‍ യുഡിഎഫ് ആളുകളെ പറ്റിക്കുകയാണെന്നും കാനം പറഞ്ഞു

തിരുവനന്തപുരം : ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സത്യവാങ്മൂലം മാറ്റണമെന്ന ചര്‍ച്ചയ്ക്ക് പ്രസക്തിയില്ല. സത്യവാങ്മൂലത്തിന്റെ പേരിലാണ് പ്രശ്നമുണ്ടായതെന്ന വാദം നിരര്‍ത്ഥകമാണ്. ശബരിമലയുടെ പേരില്‍ യുഡിഎഫ് ആളുകളെ പറ്റിക്കുകയാണെന്നും കാനം പറഞ്ഞു.

യുഡിഎഫ് ഇപ്പോള്‍ പറയുന്ന കാര്യങ്ങളൊന്നും നടക്കാന്‍ പോകുന്നില്ല. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിലാണ് ഇപ്പോള്‍ ശബരിമലയില്‍ വിവാദങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിയ്ക്കുന്നത്. സുപ്രീം കോടതിയുടെ സജീവ പരിഗണനയിലിരിക്കുന്നതാണ് ശബരിമല വിഷയം. ഞങ്ങള്‍ എന്തായാലും അതിന്റെ പിന്നാലെയൊന്നും പോകാന്‍ പോകുന്നില്ല. ശബരിമല സമരമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ സജീവ വിഷയമായത് എങ്കില്‍ സമരം ചെയ്ത, ബി.ജെ.പിക്കാര്‍ അല്ലേ ജയിക്കേണ്ടത്. അവര്‍ ജയിച്ചില്ലല്ലോയെന്നും കാനം ചോദിയ്ക്കുന്നു.

ശബരിമലയില്‍ ഇപ്പോള്‍ എന്താണ് പ്രശ്നമെന്ന് രമേശ് ചെന്നിത്തല പറയട്ടെ. അവിടെ പൂജ നടക്കുന്നില്ലേ?. ആരാധന നടക്കുന്നില്ലേ?. ആചാരങ്ങള്‍ അനുഷ്ഠിക്കുന്നില്ലേ?. പിന്നെ എന്താണ് പ്രശ്നം. പ്രയാര്‍ ഗോപാലകൃഷ്ണനോ മറ്റോ ആണ് അന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്. അദ്ദേഹം അന്ന് എന്ത് സത്യവാങ്മൂലം കൊടുത്തോ, അതേ സത്യവാങ്മൂലമാണ് ഇന്നും നിലനില്‍ക്കുന്നതെന്നും കാനം പറഞ്ഞു.

ബന്ധു നിയമനവുമായി ബന്ധപ്പെട്ട് പി.എസ്.സി റാങ്ക് ഹോൾഡർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഐ കൂടുതൽ സീറ്റ് ആവശ്യപ്പെടില്ല. തുടർച്ചയായി മത്സരിക്കുന്നവർക്ക് സീറ്റ് നല്കണമോയെന്ന കാര്യം സംസ്ഥാന കൗൺസിൽ യോഗം തീരുമാനിക്കുമെന്നും കാനം പറഞ്ഞു.

അതേസമയം, നിർണ്ണായക ചർച്ചകൾക്കായി സിപിഐ നേതൃയോഗം ഇന്ന് എം.എൻ സ്മാരകത്തിൽ 10.30 ന് ചേരാനിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button