കോട്ടയം : ശബരിമല വിഷയത്തില്‍ മൂന്ന് മുന്നണികളെയും വിമര്‍ശിച്ച് എന്‍എസ്എസ്. നിയമസഭാ തിരഞ്ഞടുപ്പ് അടുത്തിരിക്കെ മുന്നണികള്‍ രാഷ്ട്രീയ നേട്ടത്തിനായി ശബരിമലയെ ഉപയോഗിക്കുകയാണെന്ന് എന്‍എസ്എസ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിശാലബഞ്ചിന്റെ പരിഗണനയില്‍ ഇരിയ്ക്കുന്ന വിഷയത്തില്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് വിശ്വാസ സംരക്ഷണത്തിന്റെ പേരില്‍ വിശ്വാസികളെ സ്വാധീനിയ്ക്കുവാന്‍ വേണ്ടിയുള്ള പുതിയ വാദഗതികളുമായി രാഷ്ട്രീയ കക്ഷികള്‍ രംഗ പ്രവേശം ചെയ്തിരിക്കുന്നത് കൗതകകരമാണെന്ന് എന്‍എസ്എസ് പറയുന്നു.
വിശ്വാസം സംരക്ഷിയ്ക്കണമെന്ന് സംസ്ഥാനം ഭരിയ്ക്കുന്ന സര്‍ക്കാരിന് താത്പര്യമുണ്ടെങ്കില്‍ സുപ്രീംകോടതിയില്‍ അവര്‍ സമര്‍പ്പിച്ച സത്യവാങ് മൂലം തിരുത്തി കൊടുക്കാമായിരുന്നു. കേന്ദ്ര ഭരണം കയ്യിലിരിക്കെ തന്നെ ബിജെപിയ്ക്ക് ഒരു നിയമ നിര്‍മ്മാണം നടത്തി തീര്‍ക്കാവുന്ന പ്രശ്നം മാത്രമായിരുന്നില്ലേ ഇത് ?. പ്രതിപക്ഷത്തിരിയ്ക്കുമ്പോള്‍ തന്നെ വിശ്വാസം സംരക്ഷിയ്ക്കുന്നതിന് വേണ്ടി യുഡിഎഫിന് നിയമസഭയില്‍ ബില്ല് അവതരിപ്പിയ്ക്കാമായിരുന്നു. അതിന് പകരം അധികാരത്തില്‍ വന്നാല്‍ വിശ്വാസികള്‍ക്ക് വേണ്ടി നിയമ നിര്‍മ്മാണം നടത്തുമെന്ന് പറയുന്നതില്‍ എന്ത് ആത്മാര്‍ത്ഥതയാണുള്ളതെന്നും വാര്‍ത്താ കുറിപ്പില്‍ എന്‍എസ്എസ് ചോദിയ്ക്കുന്നു.
സുപ്രീംകോടതിയുടെ അഞ്ചംഗ ബഞ്ചിന്റെ വിധി നടപ്പായാല്‍, അത് ശബരിമലയില്‍ മാത്രമല്ല സംസ്ഥാനത്തുള്ള മുഴുവന്‍ ഹൈന്ദവ ക്ഷേത്രങ്ങളിലെയും നൂറ്റാണ്ടുകളായി നില നിന്നു പോരുന്ന വിവിധങ്ങളായ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും ഒരു പോലെ ബാധകമാണ്. മറ്റ് മത വിഭാഗങ്ങളുടെ ആരാധനാലയങ്ങള്‍ക്കെന്ന പോലെയുള്ള വിശ്വാസ സംരക്ഷണം ഹൈന്ദവ ക്ഷേത്രങ്ങള്‍ക്കും ഉണ്ടാകേണ്ടത് അനിവാര്യമാണ്. എന്‍എസ്എസിന്റെ പ്രഖ്യാപിത നയം ഈശ്വര വിശ്വാസവും ആചാര അനുഷ്ഠാനങ്ങളും സംരക്ഷിയ്ക്കുക എന്നതാണെന്നും ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Post Your Comments