കൊല്ലം : പരവൂരില്‍ രാത്രിയില്‍ നടുറോഡില്‍ വീട്ടമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതി പിടിയില്‍. കഴിഞ്ഞ പതിനഞ്ചിനാണ് സംഭവം. നേരത്തെ ഉണ്ടായ വാക്ക് തര്‍ക്കത്തിന്റെ പേരിലായിരുന്നു പാല് വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ചത്. ബോധമറ്റ് നടുറോഡില്‍ കിടന്ന ഇവരെ പരവൂര്‍ പൊലീസ് എത്തിയാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച് രക്ഷപ്പെടുത്തിയത്.
ബന്ധുവും വൃദ്ധയുടെ വീടിന് സമീപം വര്‍ക്ക്‌ഷോപ്പ് നടത്തുകയും ചെയ്യുന്ന പരവൂര്‍ സ്വദേശി പ്രദീപാണ് സംഭവത്തില്‍ അറസ്റ്റിലായത്. മറ്റ് മൂന്ന് പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം തുടരുന്നു. പരവൂര്‍ പുത്തന്‍കുളം റീന പാലസില്‍ 57കാരിയായ പ്രസന്ന കുമാരിയാണ് ആക്രമണത്തിന് ഇരയായത്. ഇവരുടെ പണവും മാലയും മൊബൈലും അപഹരിച്ചതായും പരാതി ഉണ്ടായിരുന്നു. സമീപത്തെ വര്‍ക്ക് ഷോപ്പില്‍ സൂക്ഷിച്ചിരുന്ന പൈപ്പ് കാണാതെ പോയതുമായി ബന്ധപ്പെട്ട് പകല്‍ ഉടമയുമായ പ്രദീപുമായി വാക്കേറ്റം നടന്നിരുന്നു. അന്ന് ഉച്ചയ്ക്ക് മൂന്നു മണിയോടെ ഇവരുടെ വീടിന് നേരെ കല്ലേറും നടന്നു.
സംഭവം ഉടന്‍ തന്നെ പൊലീസില്‍ വിളിച്ചറിയിച്ചെങ്കിലും പൊലീസ് എത്തിയില്ല. പിന്നീട് രാത്രിയില്‍ ആയിരുന്നു ആക്രമണം. വീടിനടുത്ത കവലയില്‍ നിന്നും പാല് വാങ്ങി മടങ്ങി വരവെ വഴിയിലിട്ടാണ് നാല് പേര്‍ ചേര്‍ന്ന് ആക്രമിച്ചത്. ദേഹമാസകലം മര്‍ദ്ദനമേറ്റ് അബോധാവസ്ഥയില്‍ കിടന്ന പ്രസന്നകുമാരിയെ പരവൂര്‍ പൊലീസെത്തി ആംബുലന്‍സില്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കൈവശം ഉണ്ടായിരുന്ന അയ്യായിരത്തോളം രൂപയും, മൊബൈല്‍ ഫോണും, കഴുത്തില്‍ കിടന്ന രണ്ടര പവന്‍ സ്വര്‍ണ്ണമാലയും അക്രമിസംഘം കവര്‍ന്നതായി വീട്ടമ്മ പറഞ്ഞിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രദീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Post Your Comments