തൃശൂര്‍ : സ്ഥാപനങ്ങളില്‍ ചെന്ന് മൂകനായി അഭിനയിച്ചു പണവും മൊബൈല്‍ ഫോണുകളും മോഷ്ടിക്കുന്നയാള്‍ പിടിയില്‍. തമിഴ്‌നാട് വേലൂര്‍ ശങ്കരപുരം സ്വദേശി മുരുകനെ (49) ആണ് ഈസ്റ്റ് എസ്എച്ച്ഒ പി. ലാല്‍കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലില്‍ ഏറെനേരം അഭിനയിച്ചെങ്കിലും ഫലിക്കാതെ വന്നതോടെ ശുദ്ധമായ തമിഴില്‍ മുരുകന്‍ കുറ്റം സമ്മതിച്ചു.
ബാങ്കുകള്‍, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ തുടങ്ങിയവയുടെ ഓഫീസുകളിലാണ് മുരുകന്‍ പലപ്പോഴും തട്ടിപ്പ് നടത്തിയിരുന്നത്. പൊലീസ് പിടിയിലായിട്ടും താന്‍ ബധിരനും മൂകനുമല്ലെന്നു സമ്മതിക്കാന്‍ മുരുകന്‍ തയാറായിരുന്നില്ല. ബധിര-മൂക അസോസിയേഷന്റെ വ്യാജ സീല്‍ പതിച്ച ലെറ്റര്‍പാഡും കൊണ്ടാണ് മുരുകന്‍ ഓഫീസിലെത്തുക. ഓഫീസുകളിലെ കൗണ്ടറുകളില്‍ മേശപ്പുറത്തു മൊബൈല്‍ ഫോണോ പണമോ ഇരിക്കുന്നതു കണ്ടാല്‍ ലെറ്റര്‍പാഡ് മേശയ്ക്കു മുകളില്‍ വച്ച് ആംഗ്യഭാഷയില്‍ സഹായം അഭ്യര്‍ഥിക്കും.
ജീവനക്കാരുടെ ശ്രദ്ധ മുഴുവന്‍ ആംഗ്യത്തിലേക്കു തിരിയുമ്പോള്‍ പണവും ഫോണും ലെറ്റര്‍പാഡിനടിയില്‍ തിരുകിയെടുത്തു മുരുകന്‍ മടങ്ങും. മോഷ്ടിയ്ക്കുന്നത് എങ്ങനെയെന്ന് മുരുകന്‍ പൊലീസിനെ അഭിനയിച്ച് കാണിയ്ക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഗുരുവായൂരില്‍ ഗ്രാമീണ്‍ ബാങ്കിലെ കൗണ്ടറില്‍ നിന്ന് ഇതേ രീതിയില്‍ 11 പവന്‍ പണയ സ്വര്‍ണം മുരുകന്‍ മോഷ്ടിച്ചിരുന്നു.
Post Your Comments