Latest NewsIndiaNews

ഫേഷ്യല്‍ മാസ്‌ക് ഇട്ടതും മുഖം പൊള്ളിയടര്‍ന്നു ; ബ്യൂട്ടി പാര്‍ലറിലെ ഞെട്ടിപ്പിയ്ക്കുന്ന അനുഭവം വിവരിച്ച് യുവതി

മുഖം മുഴുവനും പൊള്ളലേറ്റ പാടുകള്‍ നിറഞ്ഞ അവസ്ഥയില്‍ ബിനിത ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു

ആസാം : ബ്യൂട്ടി പാര്‍ലറില്‍ പോയി ഫേഷ്യല്‍ ചെയ്ത യുവതിയുടെ മുഖം പൊള്ളിയടര്‍ന്നു. ഐ.ഐ.ടി. ഗുവഹാത്തിയിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ ഡോ. ബിനിത നാഥിനാണ് ഈ ദുരനുഭവം ഉണ്ടായത്. സുഹൃത്തിന്റെ വിവാഹത്തിനായാണ് ഫേഷ്യല്‍ ചെയ്യാന്‍ ബിനിത ബ്യൂട്ടി പാര്‍ലറില്‍ പോയത്. ആസാം സില്‍ച്ചാറിലെ ശാരദ പാര്‍ലറിലാണ് ബിനിത ഫേഷ്യല്‍ ചെയ്തത്. സ്ഥിരമായി പാര്‍ലറില്‍ പോകുന്ന പ്രകൃതക്കാരിയല്ല താന്‍ എന്നും ത്രെഡിങ് പോലും ചെയ്യാറില്ലെന്നും ഇവര്‍ പറയുന്നു.

എന്നാല്‍ പാര്‍ലറില്‍ പോയതും മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാനുണ്ടെന്നായിരുന്നു അവരുടെ നിര്‍ദ്ദേശം. വേണ്ടെന്നായപ്പോള്‍ ത്രെഡിങ്, വാക്‌സിങ് അതുമല്ലെങ്കില്‍ ബ്ലീച്ച് എന്നായി. തൊലിപ്പുറത്ത് ഡീ-ടാന്‍ ചെയ്യാം എന്ന നിലയില്‍ എത്തി. പിന്നീട് ചര്‍മ്മം ബ്ലീച് ചെയ്യുകയായിരുന്നു. ഫേഷ്യല്‍ മാസ്‌ക് ഇട്ടതും മുഖത്ത് തിളച്ച എണ്ണ വീഴുന്ന പോലുള്ള പ്രതീതിയാണുണ്ടായത്. വേദന കൊണ്ട് പുളഞ്ഞ ബിനിതയുടെ മുഖത്ത് പുരട്ടിയ മിശ്രിതം ഉടന്‍ തന്നെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാര്‍ നീക്കം ചെയ്ത് ഐസ് ബാഗുകള്‍ കൊണ്ട് മൂടി. അധികം വൈകാതെ തന്നെ ബിനിത ഡോക്ടറെ കാണുകയും ചെയ്തു.

മുഖം മുഴുവനും പൊള്ളലേറ്റ പാടുകള്‍ നിറഞ്ഞ അവസ്ഥയില്‍ ബിനിത ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. തന്റെ ഈ അവസ്ഥയ്ക്ക് കാരണം ബ്യൂട്ടി പാര്‍ലറിലെ ഫേഷ്യല്‍ ആണെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ വീഡിയോ വൈറലായതും പാര്‍ലര്‍ ഉടമയായ ദീപ് ദേബ് റോയ് വിശദീകരണവുമായി രംഗത്തെത്തി. താനും തന്റെ ഭാര്യയും യുവതി നേരിടേണ്ടി വന്ന സാഹചര്യത്തെ അപലപിക്കുന്നു. എന്നാല്‍ അച്ഛന് സുഖമില്ലാത്തത് കാരണം തങ്ങള്‍ രണ്ടും മാറി നിന്ന സമയത്താണ് സംഭവം ഉണ്ടാവുന്നത്.

എന്നാല്‍ ഡി-ടാന്‍ ഫേഷ്യല്‍ കഴിഞ്ഞ ഉടന്‍ തന്നെ ബ്ലീച്ച് ചെയ്യേണ്ട എന്ന് ബിനിതയോട് തന്റെ പാര്‍ലര്‍ ജീവനക്കാര്‍ പറഞ്ഞതായി ഉടമ വ്യക്തമാക്കുന്നു. എന്നാല്‍ അതുവേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു അവരെന്നും, അതിനാലാണ് അനിഷ്ട സംഭവം ഉണ്ടായതെന്നും ഉടമ പറഞ്ഞു. അവര്‍ പറഞ്ഞത് അനുസരിച്ചാണ് പാര്‍ലര്‍ ജീവനക്കാര്‍ ചെയ്തതെന്നും ഇയാള്‍ അവകാശവാദമുന്നയിക്കുന്നു. എന്നാല്‍ ബിനിത ഈ വാദം തള്ളിക്കളഞ്ഞു. സ്വന്തം ചര്‍മ്മം നശിപ്പിക്കാനും വേണ്ടി വിഡ്ഢിയല്ല താന്‍ എന്ന് ബിനിത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button