Latest NewsIndiaNews

‘ഞങ്ങളുടെ വികാരം മനസിലാക്കു’; ജൂലൈ16ന് ദേശീയ അവധിയായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി ആരാധകർ

ഞങ്ങളുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കുക. ഈ ചിത്രം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരം കൂടിയാണ്.'

കെജിഎഫ് ചാപ്റ്റര്‍ 2′ റിലീസ് തീയതി ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി യാഷിന്റെ ആരാധകര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതി. പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തീയതി അടുത്തിടെയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകരും താരവും ചേര്‍ന്ന് പ്രഖ്യാപിച്ചത്. കന്നഡയില്‍ ബ്ലോക്ക് ബസ്റ്റര്‍ ആയിരുന്ന ഗ്യാങ്സ്റ്റര്‍ – ഡ്രാമ ചിത്രം കെ ജി എഫിന്റെ രണ്ടാം ഭാഗമാണ്, ചാപ്റ്റര്‍ 2. യാഷ്, ശ്രീനിധി ഷെട്ടി എന്നിവര്‍ക്കൊപ്പം ബോളിവുഡ് നടനായ സഞ്ജയ് ദത്തും രവീണ ടന്‍ഡനും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

Read Also: കലിയടങ്ങാതെ ഇറാൻ; പാകിസ്താനില്‍ അര്‍ധരാത്രി വന്‍ ഓപ്പറേഷന്‍

എന്നാൽ സിനിമയുടെ സംവിധായകന്‍ പ്രശാന്ത് നീല്‍ ആണ് ട്വിറ്ററിലൂടെ റിലീസ് തീയതി 2021 ജൂലൈ 16 ആണെന്ന് പ്രഖ്യാപിച്ചത്. മറ്റൊരു പോസ്റ്റില്‍ ചിത്രത്തിന്റെ പോസ്റ്ററുമായി യാഷും റിലീസ് തീയതി ട്വീറ്റ് ചെയ്തു. ജനുവരി 29-ന് പോസ്റ്റ് ചെയ്ത, ‘സീറ്റ് ബെല്‍റ്റ് ഉറപ്പിച്ച്‌ തയ്യാറായിരിക്കുക, തീയതി തീരുമാനിച്ചു കഴിഞ്ഞു’ എന്ന യാഷിന്റെ ട്വീറ്റ് ഇതിനകം ആയിരക്കണക്കിന് റീ – ട്വീറ്റുകളും ലൈക്കുകളും നേടി തരംഗമായി കഴിഞ്ഞു. എന്നാല്‍, ആരാധകരുടെ ആവേശം അണപൊട്ടാന്‍ തുടങ്ങുന്നതേയുള്ളൂ. യാഷിന്റെ കടുത്ത ആരാധകരിലൊരാള്‍ ഒരുപടി കൂടി കടന്ന് ജൂലൈ 16 ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി.

കത്തിന്റെ പൂർണ രൂപം: , ‘വളരെയേറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യാഷ് ചിത്രം കെ ജി എഫ്: ചാപ്റ്റര്‍ 2, 2021 ജൂലൈ 16 വെള്ളിയാഴ്ച റിലീസ് ചെയ്യുകയാണ്. ആളുകള്‍ ആവേശത്തോടെ ചിത്രത്തിന്റെ വരവ് കാത്തിരിക്കുകയാണ്. അതുകൊണ്ട്, ആ ദിവസം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞങ്ങളുടെ വികാരം മനസിലാക്കാന്‍ ശ്രമിക്കുക. ഈ ചിത്രം വെറുമൊരു സിനിമ മാത്രമല്ല, ഒരു വികാരം കൂടിയാണ്.’

@styles_rocking എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഷെയര്‍ ചെയ്തതിനു ശേഷം ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ ഒരു തരംഗമായി മാറി. യാഷിന്റെ ആരാധകര്‍ ട്വിറ്ററിലൂടെ ഈ കത്ത് പ്രചരിപ്പിക്കുന്നതിനിടെ മറ്റു ചിലര്‍ നേരിട്ട് പ്രധാനമന്ത്രി മോദിയെ ടാഗ് ചെയ്തു കൊണ്ട് ഈ അഭ്യര്‍ത്ഥന പരിഗണിക്കണമെന്ന് ആവശ്യപ്പെടാനും തുടങ്ങി. കെ ജി എഫ്: ചാപ്റ്റര്‍ 2, 2020 ഒക്റ്റോബര്‍ 23-ന് റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണില്‍ ഷൂട്ടിങ് മുടങ്ങിയതിനാല്‍ റിലീസ് തീയതി നീട്ടുകയായിരുന്നു.

ചിത്രത്തിന്റെ ഹിന്ദി പകര്‍പ്പവകാശം ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാനിയുടെ എക്സല്‍ എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് വാങ്ങിയിരിക്കുന്നത്. നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ആയിരിക്കും കേരളത്തില്‍ ചിത്രം വിതരണം ചെയ്യുക. കെ ജി എഫ് ചാപ്റ്റര്‍ 2 നിര്‍മ്മിച്ചിരിക്കുന്നത് വിജയ് കിരഗന്ധൂര്‍ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button