തിരുവനന്തപുരം : സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നിയമ പോരാട്ടം തുടരുമെന്ന് അച്ഛന്‍ ഉണ്ണി. സിബിഐയുടെ കണ്ടെത്തല്‍ ഇങ്ങനെയായത് ദു:ഖകരമാണെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിനെതിരെ കോടതിയെ സമീപിയ്ക്കും. സുപ്രീം കോടതി വരെ പോകും. സിബിഐ സംഘം പല വശങ്ങളും അന്വേഷിച്ചില്ലെന്ന് വേണം മനസിലാക്കാന്‍. മറ്റൊരു സംഘത്തെ അന്വേഷണം ഏല്‍പിക്കണമെന്ന് ആവശ്യപ്പെടും. ഏറെ പ്രതീക്ഷയോടെയാണ് സിബിഐ അന്വേഷണത്തെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ബാലഭാസ്‌കര്‍ കൊല്ലപ്പെട്ട വാഹനാപകടത്തിന് പിന്നില്‍ അസ്വാഭാവികതയില്ലെന്നാണ് സിബിഐ കണ്ടെത്തല്‍. 2018 സെപ്റ്റംബര്‍ 25നാണ് അപകടം നടന്നത്. അപകടത്തില്‍ ബാലഭാസ്‌കറും മകളും മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്മിയെ രക്ഷിക്കാനായി. വാഹനം ഓടിച്ചിരുന്ന അര്‍ജുന് സാരമായി പരിക്കേറ്റിരുന്നില്ല. തിരുവനന്തപുരം സി ജെ എം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് കുറ്റപത്രം നല്‍കിയത്. കള്ളകടത്ത് സംഘം ബാലഭാസ്‌ക്കറിനെ അപകടപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.
വണ്ടിയോടിച്ചിരുന്ന അര്‍ജുനെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. അമിത വേഗതയിലും അശ്രദ്ധയോടെയും അര്‍ജുന്‍ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സിബിഐ സംഘം കണ്ടെത്തി. സാക്ഷിയായി രംഗത്ത് വന്ന സോബിയ്‌ക്കെതിരെയും കേസെടുത്തു. തെറ്റായ വിവരങ്ങള്‍ നല്‍കിയതിനും കൃത്രിമ തെളിവ് ഹാജരാക്കിയതിനുമാണ് കേസ്.
Post Your Comments