Latest NewsKeralaNews

‘മഹാത്മാ ഗാന്ധിയെ ഗോഡ്‌സെ എന്ന വര്‍ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്ന ദിവസം’; മുഖ്യമന്ത്രിയുടെ കുറിപ്പ്

സമൂഹത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെക്കുറിച്ചായിരുന്നു ഗാന്ധിജി ആലോചിച്ചിരുന്നത്. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്''.

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 73 വയസ്സ്. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ ദിനം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ”മഹാത്മാ ഗാന്ധിയെ നാഥുറാം വിനായക് ഗോഡ്‌സെ എന്ന വര്‍ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്ന ദിവസം. ‘ആധുനിക ജനാധിപത്യ ഇന്ത്യ’ ഏതൊക്കെ ആശയങ്ങളുടെ മുകളിലാണോ പടുത്തുയര്‍ത്തപ്പെടേണ്ടത്, അവ സംരക്ഷിക്കാന്‍ ഗാന്ധിജി ജീവന്‍ ബലി കൊടുക്കുകയായിരുന്നു. സാഹോദര്യവും സമാധാനവും പരസ്പര സ്നേഹവും മുറുകെപ്പിടിച്ചു കൊണ്ട് ജനതയെ ചേര്‍ത്തു നിര്‍ത്താനാണ് അദ്ദേഹം അവസാന നിമിഷം വരേയും ശ്രമിച്ചത്”.

”ഗാന്ധിജിയുടെ രക്തസാക്ഷിത്വം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ജനാധിപത്യ ഇന്ത്യയെ സംരക്ഷിക്കുക എന്ന വലിയ ഉത്തരവാദിത്വത്തെക്കുറിച്ചാണ്. ജനാധിപത്യ വിരുദ്ധ ശക്തികളെ പരാജയപ്പെടുത്തുക; വര്‍ഗീയ ചിന്താഗതികളെ സമൂഹത്തില്‍ നിന്നു വേരോടെ പിഴുതെറിഞ്ഞ് സ്നേഹവും സാഹോദര്യവും നിറഞ്ഞ സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ഉത്തരവാദിത്തം കൂടിയാണത്. സമൂഹത്തിലെ ഏറ്റവും ദരിദ്രനായ മനുഷ്യനെക്കുറിച്ചായിരുന്നു ഗാന്ധിജി ആലോചിച്ചിരുന്നത്. കര്‍ഷകരും തൊഴിലാളികളും സ്ത്രീകളും വിമോചിക്കപ്പെടുന്ന ലോകമാണ് അദ്ദേഹം സ്വപ്നം കണ്ടത്”.

”ഇന്ത്യയില്‍ ഗാന്ധി നേതൃത്വം നല്‍കിയ ആദ്യത്തെ സമരം ചമ്ബാരനിലെ കര്‍ഷക സമരമായിരുന്നു. തുടര്‍ന്നും നിരവധി കര്‍ഷക സമരങ്ങള്‍ അദ്ദേഹം നയിച്ചിട്ടുണ്ട്. അവരനുഭവിച്ച ചൂഷണങ്ങള്‍ക്കെതിരെ എക്കാലവും ഉറക്കെ ശബ്ദമുയര്‍ത്തിയിരുന്നു. ഇന്ന് അദ്ദേഹത്തിന്‍്റെ രക്തസാക്ഷിത്വത്തിന്‍്റെ ഓര്‍മ്മ പേറുന്ന ഈ ദിവസം, രാജ്യതലസ്ഥാനത്ത് കര്‍ഷകര്‍ കേന്ദ്ര സര്‍ക്കാരിന്‍്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ പടപൊരുതുകയാണ്. ദുഷ്കരമായ കാലാവസ്ഥയ്ക്കും കൊടിയ മര്‍ദ്ധനങ്ങള്‍ക്കും ദുഷ്പ്രചരണങ്ങള്‍ക്കും മുന്‍പില്‍ തളരാതെ അവകാശ സംരക്ഷണത്തിനായി അവരുയര്‍ത്തിയ സമര വേലിയേറ്റത്തില്‍ അധികാരത്തിന്‍്റെ ഹുങ്ക് ആടിയുലയുകയാണ്”.

Read Also: ചെന്നിത്തലയുടെ പഞ്ചായത്തിൽ ഭരണം പിടിച്ചെടുത്ത് ബിജെപി; മാറ്റങ്ങൾക്ക് മറയായി സിപിഎം

”ഗാന്ധിയുടെ ഓര്‍മ്മകള്‍, അദ്ദേഹത്തിന്റെ സമരഗാഥകള്‍, ജീവിത സന്ദേശം- എല്ലാം ഈ ഘട്ടത്തില്‍ നമുക്ക് പ്രചോദനമാകട്ടെ. ഈ നാട്ടിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്‍്റെ വിമോചനമെന്ന ഗാന്ധിയന്‍ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ആ ഓര്‍മ്മകള്‍ നമുക്ക് ഊര്‍ജ്ജം പകരട്ടെ. സാമൂഹ്യ നീതിയില്‍ അധിഷ്ഠിതവും സര്‍വ്വതല സ്പര്‍ശിയുമായ വികസന മുന്നേറ്റത്തിനും ജനാധിപത്യ സംരക്ഷണത്തിനായി സാഹോദര്യത്തോടെ കൈകള്‍ കോര്‍ത്തു പിടിച്ചു നമുക്ക് മുന്‍പോട്ട് പോകാം”.

shortlink

Related Articles

Post Your Comments

Related Articles


Back to top button