Latest NewsKeralaNews

അറസ്റ്റ് ചെയ്യാന്‍ ഭയന്ന് വിറച്ച്‌ നെയ്യാറ്റിന്‍കര പോലീസ്; സരിതയെ രക്ഷിക്കാന്‍ കള്ളക്കളികളോ?

ബവ്‌കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി പ്രതികള്‍ 11.49 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്‌ഐആര്‍.

തിരുവനന്തപുരം: നിയമന തട്ടിപ്പ് കേസില്‍ സരിതയെ പ്രതിയാക്കിയതിന് ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെ പ്രമുഖ സിപിഎം നേതാവും പോലീസ് ഉദ്യോഗസ്ഥരെ വിരട്ടുന്നുവെന്ന റിപ്പോര്‍ട്ടുണ്ട്. സരിതയെ ഇനിയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഇതാണ് സംശയങ്ങള്‍ക്ക് ഇടനല്‍കുന്നത്. വ്യാജ രേഖ ചമച്ചതിനു സരിത ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നെയ്യാറ്റിന്‍കര പോലീസ് കേസ് എടുത്തെങ്കിലും അറസ്റ്റിനോ തുടര്‍ നടപടിക്കോ തയാറായില്ല. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സരിതയും കൂട്ടു പ്രതി ഷാജുവും കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കുന്നത്തുകാല്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് അംഗം ടി.രതീഷാണു മൂന്നാം പ്രതി.

എന്നാൽ നെയ്യാറ്റിന്‍കര നിയമന തട്ടിപ്പു കേസില്‍ സരിത നായര്‍ ഉള്‍പ്പെടെ പ്രതികള്‍ ചമച്ചത് ഐജിയുടെ പേരിലുള്ള വ്യാജ നിയമന ഉത്തരവാണെന്നാണ് ആരോപണം. ഇതു സംബന്ധിച്ചു ബവ്‌കോ മാനേജിങ് ഡയറക്ടര്‍ ഐജി ജി.സ്പര്‍ജന്‍ കുമാര്‍ നവംബറില്‍ വിജിലന്‍സിനു കൈമാറിയ പരാതി സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് ഒന്നില്‍ 3 മാസമായി കറങ്ങിത്തിരിയുന്നു. സര്‍ക്കാരോ വിജിലന്‍സോ തുടര്‍ നടപടി സ്വീകരിച്ചില്ല. പിന്നാലെ സംഭവം വിവാദമായി. എന്നിട്ടും കേസ് എടുത്തില്ല. പകരം സ്പര്‍ജന്‍ കുമാറിനെ മാറ്റുകയും ചെയ്തു. ക്രൈംബ്രാഞ്ചിലേക്കായിരുന്നു മാറ്റം.

Read Also: ‘ഞാന്‍ മാസ്‌ക് എടുക്കുന്നതിന് മുമ്പ് ഞാനെന്റെ അമ്മയെക്കുറിച്ച് ഓര്‍ക്കുന്നു’; രാഹുല്‍ ഗാന്ധി

ബവ്‌കോയിലും കെടിഡിസിയിലും ജോലി വാഗ്ദാനം ചെയ്തു വ്യാജ നിയമന ഉത്തരവുകള്‍ നല്‍കി പ്രതികള്‍ 11.49 ലക്ഷം രൂപ വാങ്ങിയെന്നാണ് എഫ്‌ഐആര്‍. തെളിവായി വ്യാജ ഉത്തരവ്, ബാങ്ക് വഴി പണം നല്‍കിയതിന്റെ രേഖ, ശബ്ദരേഖ എന്നിവയും ശേഖരിച്ചിരുന്നു. പൊലീസിലെ ഒരു ഐജിയുടെ പേരില്‍ വ്യാജ രേഖ ചമച്ച കേസായിട്ടും നടപടികളില്‍ ഇല്ല. ഒക്ടോബറില്‍ ഡിവൈഎസ്‌പിക്കു പരാതി നല്‍കിയെങ്കിലും ആദ്യം സരിതയെ പ്രതിയാക്കിയില്ല. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം ഡിസംബര്‍ 12നാണു സരിതയെ പ്രതിയാക്കിയത്. അതോടെ ചില പൊലീസ് ഉന്നതരും സിപിഎം ജില്ലാ നേതാവും അന്വേഷണ ഉദ്യോഗസ്ഥരെ ഫോണിലൂടെയും അല്ലാതെയും വിരട്ടിയതായി ആക്ഷേപമുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. അതോടെ പ്രതികളുടെ അറസ്റ്റും തെളിവു ശേഖരണവും നിലച്ചുവെന്നാണ് ആക്ഷേപം.

അതേസമയം പഞ്ചായത്ത് അംഗമുള്‍പ്പെടെയുള്ള പ്രതികളുടെ മേല്‍വിലാസം അറിയില്ലെന്നാണു എഫ്‌ഐആറില്‍ പോലീസ് രേഖപ്പെടുത്തിയത്. കേസ് വീണ്ടും മാധ്യമങ്ങളില്‍ വന്നതോടെ അന്വേഷണ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസം സ്പര്‍ജന്‍ കുമാറിന്റെ മൊഴിയെടുത്തു. ചില ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി. കെടിഡിസിയില്‍ ചെന്നപ്പോള്‍ അവിടെ കോവിഡ് ആണെന്നു പറഞ്ഞു മടക്കി. ഈ സ്ഥാപനത്തിന്റെ എംഡിയുടെ പേരിലും വ്യാജ നിയമന ഉത്തരവു ചമച്ചിരുന്നു. വിജിലന്‍സിന് അപ്പുറത്തേക്ക് ലോക്കല്‍ പൊലീസിനോ കമ്മിഷണര്‍ക്കോ പുതിയ പരാതി നല്‍കാതിരിക്കാന്‍ ഉന്നത ഐപിഎസുകാര്‍ സ്പര്‍ജന്‍ കുമാറിനു മേലും സമ്മര്‍ദം ചെലുത്തുന്നതായാണു സൂചന. അതിനിടെ ഐജി വഷയത്തില്‍ പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ നവംബര്‍ ആദ്യം വാട്‌സാപ്പിലാണു വ്യാജ രേഖയുടെ പകര്‍പ്പും ശബ്ദരേഖയും ലഭിച്ചത്.

എംഡിയുടെ പേരില്‍ വ്യാജ ഒപ്പിട്ടു വ്യാജ നിയമന ഉത്തരവു നല്‍കിയതിനു പിന്നില്‍ ബവ്‌കോ ആസ്ഥാനത്തെ ആരെങ്കിലും ഉണ്ടോയെന്നു സംശയിച്ചു. മാത്രമല്ല ആ സമയം പിഎസ്‌സി വഴിയുള്ള നിയമനം നടക്കുകയായിരുന്നുവെന്നും ഐജി പറയുന്നു. തുടര്‍ന്ന് എക്‌സൈസ് കമ്മിഷണര്‍ക്കും സര്‍ക്കാരിനും ഇതേക്കുറിച്ചു വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടു കത്തു നല്‍കി. സാധാരണ ഇത്തരം പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്തി വിജിലന്‍സ് തുടര്‍നടപടി സ്വീകരിക്കേണ്ടതാണ്. ഇവിടെ തുടര്‍ നടപടി ഉണ്ടായിട്ടില്ല-സ്പര്‍ജന്‍ കുമാര്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button