തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയ സ്വപ്‌ന സുരേഷിനെതിരെ മുൻ മന്ത്രി കെ.ടി ജലീൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസടുക്കുകയും ചെയ്തു. സർക്കാരിനെയും മുഖ്യമന്ത്രിയെയും അപകീർത്തിപ്പെടുത്താനാണ് സ്വപ്നയുടെ ശ്രമമെന്നായിരുന്നു ജലീൽ ആരോപിച്ചത്.
സ്വപ്ന കേസ് ചർച്ചയാകുമ്പോൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിനെ വെള്ളം കുടിപ്പിച്ച സരിത കേസും ചർച്ചയാകുന്നു. രണ്ടും കേസും തമ്മിൽ ചില സാമ്യതകളുണ്ടെന്നാണ് രാഷ്ട്രീയ കേരളം നിരീക്ഷിക്കുന്നത്. അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ ‘സരിത’ താഴെയിറക്കിയത് പോലെ, ഇന്നത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെ ‘സ്വപ്ന’ താഴെയിറക്കുമോയെന്ന ആശങ്കയിലാണ് സാക്ഷര കേരളം.
എന്നാൽ, സർക്കാരിനെതിരെ സ്വപ്ന നടത്തിയത് വെറും ആരോപണങ്ങൾ മാത്രമാണെന്ന വാദത്തിൽ തുടക്കം മുതൽ ഉറച്ച് നിൽക്കുന്നയാളാണ് കെ.ടി ജലീൽ. വിഷയത്തിൽ ജലീൽ നൽകുന്നത് കേരളം സംശയിക്കുന്ന ഒരു ചോദ്യത്തിനുള്ള മറുപടിയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സോളാര്‍ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത എസ്.നായര്‍ക്കെതിരെ കേസെടുക്കാത്തതും, കേസ് നൽകാത്തതും എന്തുകൊണ്ടാണെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ജലീൽ നൽകുന്നത്.
സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ക്കെതിരെ പരാതി കൊടുത്ത് അന്വേഷണം നടന്നാല്‍ സ്വയം കുടുങ്ങുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ആരും പരാതി കൊടുക്കാത്തതെന്ന് ജലീല്‍ പറയുന്നു. സ്വപ്നയ്ക്കെതിരെ തങ്ങള്‍ പരാതി കൊടുത്തത് അത്തരം ഭയമില്ലാത്തത് കൊണ്ടാണെന്നും ജലീല്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. കേരള സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അപകീര്‍ത്തിപ്പെടുത്താനും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപം നടത്താനും നീക്കമുണ്ടെന്ന ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്കെതിരെ കേസെടുത്തത്.
Also Read:മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യന് പേടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
ഇതിനിടെ, സ്വപ്ന കേസിലും തന്റെ പങ്ക് സരിത അറിയിച്ചു. സ്വപ്ന സുരേഷിനെതിരായി കെ.ടി ജലീൽ നൽകിയ ഗൂഢാലോചന കേസിൽ സോളാർ കേസിലെ മുഖ്യപ്രതി സരിത എസ് നായർക്കും പങ്കുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന് ‘കാലൻ’ ആയിരുന്ന സരിത, ഇന്ന് രണ്ടാം പിണറായി സർക്കാരിന് ‘രക്ഷക’യാകുമോയെന്നറിയാനുള്ള കാത്തിരിപ്പിലാണ് കലുഷിതമായ രാഷ്ട്രീയ കേരളം. സ്വപ്ന കേസിൽ സരിതയിൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും കേസിൽ കുടുക്കാൻ പി.സി ജോർജും സ്വപ്ന സുരേഷും തമ്മിൽ ഗൂഢാലോചന നടത്തിയെന്നാണ് സരിത വെളിപ്പെടുത്തിയത്. താൻ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുകയാണെന്ന് സരിത അന്വേഷണ സംഘത്തിന് മൊഴി നൽകി. സ്വപ്നയും പി സി ജോർജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നും സരിത പറയുന്നു.
കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സരിതയുടെ വെളിപ്പെടുത്തലിന്റെ വെളിച്ചത്തില്‍ ഒരാളും ഒരു കേസും ഒരിടത്തും കൊടുത്തില്ല. കാരണം സരിത നടത്തിയ ചായക്കുറിയില്‍ ഒരു നറുക്ക് ചേര്‍ന്നവരാണ് എല്ലാവരും. പരാതി കൊടുത്ത് അന്വേഷണം വന്നാല്‍ കുടുങ്ങുമെന്ന് അവര്‍ക്കുറപ്പാണ്. എന്നാല്‍ സ്വപ്ന നടത്തിയ ജല്‍പ്പനങ്ങള്‍ക്കെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് എഫ്.ഐ.ആര്‍ ഇട്ട് അന്വേഷണവും തുടങ്ങി. കാരണം ആരുടെ കുറിയിലും ഒരു നറുക്കും ഞങ്ങളാരും ചേര്‍ന്നിട്ടില്ല. ഏത് കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ അന്വേഷിച്ചാലും ഒരു ചുക്കും കണ്ടെത്താന്‍ കഴിയില്ല എന്ന് 101% എനിക്കുറപ്പാണ്. അവനവനെ വിശ്വാസമുള്ളവര്‍ക്ക് ആരെപ്പേടിക്കാന്‍?
Post Your Comments