Latest NewsKerala

ക്രൈം ബ്രാഞ്ചിന് പോലും നൽകാത്ത സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സരിത കോടതിയില്‍

കൊച്ചി: സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണം പൂർത്തിയാകാതെ ആർക്കും നൽകാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത് രണ്ട് ദിവസം മുമ്പാണ്. മുഖ്യമന്ത്രിക്കും രാഷ്ട്രീയ പ്രമുഖർക്കും എതിരെയാണ് സ്വപ്‌നയുടെ മൊഴികൾ എന്ന് സ്വപ്ന തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടപ്പോൾ ഈ മൊഴികൾ നൽകാൻ സർക്കാർ തയ്യാറായിട്ടില്ല.

എന്നാൽ, സ്വപ്‌നയുടെ രഹസ്യമൊഴിയുടെ പകർപ്പു തേടി സരിത എസ് നായർ ഇപ്പോൾ രംഗത്തിറങ്ങിയിരിക്കുകയാണ്. രഹസ്യമൊഴിയുടെ പകർപ്പിനായി സരിത എസ്. നായർ കോടതിയെ സമീപിച്ചതിന് പിന്നിൽ സർക്കാരാണെന്നാണ് പ്രതിപക്ഷ ആരോപണം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

സ്വപ്നയുടെ രഹസ്യ മൊഴിയിൽ തനിക്കെതിരേ ആരോപണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. സ്വപ്നയ്ക്ക് എതിരായ കേസിൽ സരിതയുടെ രഹസ്യമൊഴി ഈ മാസം എടുക്കാൻ നിശ്ചയിച്ചിട്ടുണ്ട്. അതിനിടെയാണ് സ്വപ്ന നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് സരിത ആവശ്യപ്പെട്ടിരിക്കുന്നത്. സരിതയുടെ നീക്കത്തിന് പിന്നിൽ സർക്കാറും സിപിഎമ്മും ആണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തേണ്ട ആവശ്യം അടക്കം വിമർശന വിധേയമാണ്. മാത്രമല്ല, കെ ടി ജലീൽ നൽകിയ പരാതിയിൽ സരിതയുടെ ആരോപണങ്ങൾ കൂടി ശരിവെച്ചു കൊണ്ടാണ് ഗൂഢാലോചനക്ക് കേസെടുത്തിരിക്കുന്നത്. ഇതെല്ലാം സ്വപ്നയെ നേരിടാൻ സരിതയെ സർക്കാർ കളത്തിലിറക്കുന്നു എന്ന ആരോപണത്തിന്റെ ശക്തി കൂട്ടുന്നതാണ്.

അതേസയം സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണം പൂർത്തിയാകാതെ ആർക്കും നൽകാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. മൊഴി പകർപ്പ് അന്വേഷണ ഏജൻസിക്ക് നൽകിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ചിനെ ഈ കേസിലെ അന്വേഷണ ഏജൻസിയായി കാണാനാകില്ലെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button