
ചെങ്ങന്നൂർ: ബാറിലുണ്ടായ വാക്കുതർക്കത്തെ തുടർന്നു നടന്ന ആക്രമണത്തിൽ 3 യുവാക്കൾക്ക് പരിക്കേറ്റിരിക്കുന്നു. ഒരാളുടെ നില അതീവ ഗുരുതരം. വെൺമണി കിഴക്കുംമുറി പത്തീരേത്തു പറമ്പിൽ അഖിൽ (26), സുഹൃത്തുക്കളായ കിഴക്കുംമുറി കുറ്റുമണ്ണിൽ പുത്തൻ വീട്ടിൽ മുകേഷ് (28), ജോമോൻ എന്നിവർക്കാണു അപകടത്തിൽ പരുക്കേറ്റത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെ ചെങ്ങന്നൂർ ടെംപിൾ റോഡിൽ കീഴ്ച്ചേരിമേൽ ജെബി സ്കൂളിനു സമീപമാണ് സംഭവം നടന്നിരിക്കുന്നത്. സമീപത്തെ ബാറിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് ആക്രമണത്തിനു കാരണമെന്നു കരുതുന്നതായി പൊലീസ് പറഞ്ഞു.
സമീപത്തെ ബാറിനുള്ളിൽ ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. പുറത്തിറങ്ങിയ ശേഷം പാർക്കിങ് ഗ്രൗണ്ടിൽ വച്ചു വീണ്ടും വാക്കേറ്റമുണ്ടായി.തുടർന്ന് അഖിലും മുകേഷും ജോമോനും ബൈക്കിൽ കീഴ്ച്ചേരിമേൽ സ്കൂളിനടുത്ത് എത്തിയപ്പോഴാണ്, രണ്ടു ബൈക്കുകളിലായി കണ്ടാലറിയാവുന്ന 4 പേർ എത്തി മൂവരെയും വടിവാൾ കൊണ്ട് ആക്രമിക്കുകയുണ്ടായത്. അഖിലിന്റെ മുതുകിൽ വെട്ടേറ്റു, ഇയാൾക്കു ഗുരുതരമായി പരുക്കേറ്റു.
മുകേഷിന്റെ തലയ്ക്കും കാലിനും മാരകമായി പരിക്കുണ്ട്. ഇവരെ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു .മുകേഷിന്റെ വലതു കാലിന്റെ ഉപ്പൂറ്റിക്കു മുകളിൽ പൊട്ടലുണ്ട്. പ്രതികളെ സംബന്ധിച്ചു സൂചന ലഭിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
Post Your Comments