ദുബായ്: ഇസ്രായേലുമായി യുഎഇ ബന്ധം കൂടുതല്‍ ശക്തമാക്കുന്നു. ഇസ്രായേലിലെ ടെല്‍ അവീവില്‍ എംബസി സ്ഥാപിക്കാന്‍ യുഎഇ മന്ത്രിസഭ തീരുമാനിച്ചു. കഴിഞ്ഞ ആഗസ്റ്റിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചത്. ഇറാനെതിരായ നീക്കം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമയിട്ടായിരുന്നു ഇത്. എന്നാൽ യുഎഇക്ക് പിന്നാലെ ബഹ്‌റൈനും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചിരുന്നു. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാജ്യവും ആദ്യ ഗള്‍ഫ് രാജ്യവുമാണ് യുഎഇ. എന്നാല്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കില്ല എന്നാണ് സൗദി അറേബ്യയും ഖത്തറും അറിയിച്ചിട്ടുള്ളത്.
അതേസമയം ബഹ്‌റൈന് പിന്നാലെ സുഡാന്‍, മൊറോക്കോ തുടങ്ങിയ അറബ് രാജ്യങ്ങളും ഇസ്രായേലുമായി ബന്ധം സ്ഥാപിച്ചു. യുഎഇയുടെ നീക്കമാണ് കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലമായി അടുക്കാന്‍ ഇടയാക്കിയത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയിലായിരുന്നു സമവായ ശ്രമങ്ങള്‍. ട്രംപിന്റെ ഭരണനേട്ടമായി എണ്ണിപ്പറയുന്ന പ്രധാന കാര്യവും ഇതുതന്നെയാണ്.
ഇസ്രായേല്‍ ഭരണകൂടം ജറുസലേമാണ് തങ്ങളുടെ തലസ്ഥാനമായി കണക്കാക്കുന്നത്. എന്നാല്‍ ഈ പ്രദേശം പലസ്തീന്റേതായിരുന്നു. 1967ലെ യുദ്ധത്തില്‍ ഇസ്രായേല്‍ സൈന്യം പിടിച്ചടക്കിയതാണ്. അതുകൊണ്ടുതന്നെ ഐക്യരാഷ്ട്രസഭ ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചിട്ടില്ല. ഇസ്രായേലിലെ പ്രധാന നഗരമാണ് ടെല്‍ അവീവ്. അവിടെയാണ് ലോക രാജ്യങ്ങള്‍ ഇസ്രായേലിലെ തങ്ങളുടെ എംബസികള്‍ സ്ഥാപിച്ചിട്ടുള്ളത്. അതേസമയം, ട്രംപ് ഭരണകൂടം അടുത്തിടെ അമേരിക്കയുടെ എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റിയിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്. ജൂതരും മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ പുണ്യ ഭൂമിയായി കണക്കാക്കുന്ന നഗരമാണ് ജറുസലേം.
Post Your Comments