തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാനും കൃത്യമായി അടുത്ത ഘട്ട വാക്‌സിനേഷന്‍ ആരംഭിക്കാനും ആരോഗ്യ വകുപ്പ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.
സംസ്ഥാനത്തെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എത്രയും വേഗം വര്‍ധിപ്പിക്കുന്നതാണ്. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്തിന് ആദ്യഘട്ടമായി അനുവദിച്ചത്. എന്നാല്‍ കൂടുതല്‍ വാക്‌സിന്‍ എത്തിയതോടെ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടി വരുന്നു. ഇപ്പോള്‍ 141 കേന്ദ്രങ്ങളാണ് വാക്‌സിനേഷനായി സജ്ജമാക്കിയിരിക്കുന്നത്. ഇത് വര്‍ധിപ്പിച്ച് 249 വരെയാക്കാനാണ് ഈ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലയില്‍ 38 കേന്ദ്രങ്ങളും തിരുവനന്തപുരം ജില്ലയില്‍ 30 കേന്ദ്രങ്ങളും സജ്ജമാക്കുന്നതാണ്. ഒരു ജില്ലയില്‍ ചുരുങ്ങിയത് 14 കേന്ദ്രങ്ങളെങ്കിലുമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഫെബ്രുവരി 13 ഓടെ ആദ്യം വാക്‌സിന്‍ എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഘട്ട വാക്‌സിനെടുക്കേണ്ട സമയമാകും. അതിനാല്‍ തന്നെ ഫെബ്രുവരി 15നകം ആദ്യഘട്ട വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി ഫെബ്രുവരി 15ന് ശേഷം രണ്ടാം ഘട്ടം ആരംഭിക്കാനാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി തുടങ്ങി ആഴ്ചയില്‍ 4 ദിവസമാണ് ഇപ്പോള്‍ വാക്‌സിനേഷന് അനുവദിച്ചത്. എന്നാല്‍ വാക്‌സിനേഷന്‍ കൂട്ടാനായി ജില്ലയുടെ സൗകര്യമനുസരിച്ച് വാക്‌സിനേഷന്‍ ദിനങ്ങളില്‍ മാറ്റം വരുത്താവുന്നതാണ്. പക്ഷെ ഒരു കാരണവശാലും കുട്ടികളുടെ വാക്‌സിനേഷന്‍ മുടങ്ങാന്‍ പാടില്ല.
കുട്ടികളുടെ വാക്‌സിനേഷന്‍ ഇല്ലാത്ത സ്വകാര്യ ആശുപത്രികള്‍ക്കും പകരം സംവിധാനമുള്ള ആശുപത്രികള്‍ക്കും ഇതിലൂടെ ബുധനാഴ്ചയും വാക്‌സിനേഷന്‍ നടത്താന്‍ സാധിക്കുന്നതാണ്. ജില്ലാ ടാക്‌സ് ഫോഴ്‌സ് ഇതുസംബന്ധിച്ച് തീരുമാനമെടുക്കുന്നതാണ്.
Post Your Comments