ന്യൂഡൽഹി :പാകിസ്ഥാന് 500,000 ഡോസ് കൊറോണ വാക്സിൻ വാഗ്ദാനവുമായി ചൈന . ഇന്ത്യയുടെ കൊറോണ വാക്സിൻ ഉപയോഗിക്കാൻ പാക് സർക്കാർ അനുമതി നൽകിയതിനു പിന്നാലെയാണ് വാഗ്ദാനവുമായി ചൈന എത്തിയത്. പാക് വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയാണ് ഇക്കാര്യം അറിയിച്ചത്. സിനോഫാർ നിർമ്മിച്ച വാക്സിന്റെ 500,000 ഡോസാണ് സഹായമായി നൽകുന്നതെന്നും ഖുറേഷി പറഞ്ഞു . ജനുവരി 31 നകം 500,000 ഡോസ് വാക്സിൻ പാകിസ്താന് നൽകുമെന്നാണ് ചൈനയുടെ വാഗ്ദാനം .
ഇതുവരെ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കാത്ത രാജ്യമാണ് പാകിസ്താൻ. അടിയന്തിര ഉപയോഗത്തിനായി സിനോഫാർ വാക്സിൻ അംഗീകരിച്ച ഒരേയൊരു രാജ്യം കൂടിയാണിത്. ഇന്ത്യയിൽ നിർമ്മിച്ച കൊവിഷീൽഡ്, കൊവാക്സിൻ വാക്സിനുകൾ ഉപയോഗിക്കുന്നതിന് പാകിസ്താൻ അനുമതി നൽകിയതായി റിപ്പോർട്ട് വന്നിരുന്നു . എന്നാൽ വാക്സിൻ പാകിസ്താന് നേരിട്ട് ലഭിക്കുന്നതിന് തടസ്സങ്ങളുണ്ട്.ഇന്ത്യയുമായുള്ള ഉഭയകക്ഷി കരാർ പ്രകാരം പാകിസ്താന് വാക്സിൻ ഏറ്റെടുക്കാൻ സാധിക്കില്ല.
ലോകാരോഗ്യ സംഘടനയുമായി സഹകരിച്ച് ഗ്ലോബൽ അലയൻസ് ഫോർ വാക്സിൻ ആൻഡ് ഇമ്യൂണൈസേഷൻ (ഗവി) രൂപീകരിച്ച സഖ്യമായ കോവാക്സ് പദ്ധതി പ്രകാരം മാത്രമെ പാകിസ്താന് വാക്സിൻ ലഭ്യമാകുകയുള്ളൂ. . ലോകത്തെ 190 രാജ്യങ്ങളിൽ 20 ശതമാനത്തിന് കൊറോണ വാക്സിൻ സൗജന്യമായി നൽകുമെന്ന് കോവാക്സ് വാഗ്ദാനം ചെയ്തിരുന്നു. അതിൽ പാകിസ്താനും ഉൾപ്പെടുന്നുണ്ട്.
Post Your Comments