ശ്രീനഗർ : 70 വർഷത്തിന് ശേഷം ജമ്മു കശ്മീരിലെ ദോഡ ജില്ലയിലുള്ള തണ്ഡ ഗ്രാമത്തിൽ വൈദ്യുതി ലഭിച്ചു. ആദ്യമായാണ് ഇവിടെ വൈദ്യുതി കണക്ഷൻ ലഭിക്കുന്നത്. ഇതോടെ വർഷങ്ങളായുള്ള കാത്തിരിപ്പ് സഫലമായതിന്റെ നിർവൃതിയിലാണ് ഗ്രാമവാസികൾ.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് ഗ്രാമത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കണമെന്നുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ദോഡ ജില്ലാ ഭരണകൂടത്തിനാണ് അദ്ദേഹം ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. ഒരു മാസത്തിനുള്ളിൽ ദോഡയിലെ ഉൾഗ്രാമങ്ങളിൽ വൈദ്യുതി ലഭ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരവ്. ഇത് അനുസരിച്ച് ദോഡ ജില്ലാ ഭരണകൂടം ഇതിനായുള്ള നടപടികൾ ആരംഭിച്ചു. 10 ദിവസങ്ങൾക്കുള്ളിൽ ഇതിനായുള്ള നടപടികൾ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ചു.
അതേസമയം വളരെയേറെ സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നാണ് ഗ്രാമവാസികൾ പ്രതികരിച്ചത്. ലഫ് ഗവർണർ മനോജ് സിൻഹയേയും ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കമ്മീഷണറേയും അഭിനന്ദിക്കുന്നുവെന്നും ഗ്രാമവാസികൾ വ്യക്തമാക്കി.
Post Your Comments