നിലമ്പൂര്‍: ഗ്രാമസഭ ചേരുന്നതിനിടെ കത്തിക്കുത്ത്. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭാ യോഗം ചേരുന്നതിനിടെയാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് പരിക്കേറ്റു. ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് പ്രസിഡന്റ് മൂത്തേടത്ത് മുജീബ് റഹ്മാന്‍(36)നാണ് കൈവിരലിനു പരിക്കേറ്റത്. ഇദ്ദേഹത്തെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികില്‍സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടേരി സ്വദേശി വാളപ്ര ഷൗക്കത്തി(56)നെ കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
മുണ്ടേരി നാരങ്ങാപ്പൊയില്‍ ബദല്‍ സ്‌കൂളില്‍ നടന്ന രണ്ടാം വാര്‍ഡിലെ ഗ്രാമസഭാ യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ വീണ്ടും വാക്കേറ്റമുണ്ടാകുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. എന്നാൽ ഷൗക്കത്ത് തന്നെ ആക്രമിക്കുകയായിരുന്നുവെന്നും ആദ്യം കഴുത്തിനാണ് വെട്ടിയതെന്നും തടയുന്നതിനിടെയാണ് ഇടത് കൈ വിരലുകള്‍ക്ക് വെട്ടേറ്റതെന്നും മുജീബ് റഹ്മാന്‍ പോലിസിനോടു പറഞ്ഞു. നേരത്തേ, തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടത് എംഎല്‍എ പി വി അന്‍വറിനെ തടഞ്ഞതുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് സംഘര്‍ഷമെന്നാണ് സൂചന.
Post Your Comments