KeralaLatest NewsNews

‘വേലി തന്നെ വിളവ് തിന്നോ’? അടൂര്‍ പോലീസ് കാന്റീനില്‍ നടന്നത് ലക്ഷങ്ങളുടെ ക്രമക്കേട്; നിർണായക തെളിവുകൾ പുറത്ത്

ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാല്‍ ഉള്ള നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടല്‍ നടന്നത്.

തിരുവനന്തപുരം: അടൂര്‍ പോലീസ് കാന്റീനില്‍ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് കമാന്‍ഡന്റിന്റെ റിപ്പോര്‍ട്ട്. ചെലവാകാന്‍ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാന്റീനിലേക്ക് വാങ്ങിയെന്നും 11 ലക്ഷം രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നുമാണ് അടൂര്‍ കെഎപി കമാന്‍ഡന്റ് ജയനാഥ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. രണ്ട് ലക്ഷം രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങളും പരിശോധനയില്‍ കണ്ടെത്തിയെന്നും കമാന്‍ഡന്റ് ജയനാഥിന്റെ റിപ്പോര്‍ട്ടിലുണ്ട്.

എന്നാൽ 2018-19 വര്‍ഷത്തെ ഇടപാടുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഗുരുതര ക്രമക്കേടില്‍ പൊലീസുകാര്‍ക്കിടയില്‍ നിന്ന് തന്നെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കമാന്‍ഡന്റ് ജയനാഥ് ഐപിഎസ് പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. 2018- 2019 കാലഘട്ടത്തില്‍ പൊലീസ് കാന്റീനില്‍ 42,29,956 രൂപയുടെ ചെലവാകാന്‍ സാധ്യത ഇല്ലാത്ത സാധനങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് ജയനാഥ് ഐപിഎസിന്റെ റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തല്‍. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കാല്‍ ഉള്ള നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലുള്ള വാങ്ങിക്കൂട്ടല്‍ നടന്നത്. പൊലീസ് ആസ്ഥാനത്തെ ഒരു വനിത ഉദ്യേഗസ്ഥയുടെ നിര്‍ദ്ദേശവും ഇതിന്റെ പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.

Read Also: ബിജെപിയും മോദിയുമായി ചര്‍ച്ച നടത്താന്‍ കര്‍ദ്ദിനാളിന് സഭാ സിനഡിന്റെ അനുമതി

ഇതിന് പുറമെ കാന്റീനില്‍ നിന്ന് 11,33,777 രൂപയുടെ സാധനങ്ങള്‍ കാണാനില്ലെന്നും 224342 രൂപയുടെ കണക്കില്‍പ്പെടാത്ത സാധനങ്ങള്‍ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിവര്‍ഷം 15 മുതല്‍ 20 കോടി രൂപ വരെ വില്‍പ്പന നടക്കുന്ന കേരളത്തിലെ ചെറിയ കാന്റീനുകളില്‍ ഒന്നാണ് അടൂര്‍. ഇവിടെ പോലും ഇത്രയധികം ക്രമക്കേടുകള്‍ നടക്കുന്നുണ്ടെങ്കില്‍ മറ്റ് കാന്റീനുകളിലും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ജയനാഥ് ഐപിഎസ് ചൂണ്ടിക്കാട്ടുന്നു.

കാന്റീന്‍ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായാ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്നും നിലവിലുള്ള കാന്റീന്‍ കമ്മിറ്റികള്‍ പൊളിച്ചെഴുതിയാല്‍ മാത്രമെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുകൊണ്ട് വരാന്‍ കഴിയു എന്നും ജയനാഥ് പറയുന്നു. പൊലീസിന് പുറത്തുള്ള ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ ആവശ്യം. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് ജയനാഥ് വകുപ്പുതല അന്വേഷണം നടക്കുന്നതിനിടയിലാണ് അഴിമതി പുറത്തുകാട്ടിയുള്ള റിപ്പോര്‍ട്ട്.

അതേസമയം അച്ചടക്കരാഹിത്യവും സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നും കാണിച്ചാണ് ജയനാഥിനെതിരെ നടപടിക്കൊരുങ്ങുന്നത്. ഡി.ജി.പി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ അയക്കുന്ന നിര്‍ദ്ദേശങ്ങളെ പരിഹസിക്കുന്നൂവെന്ന കുറ്റവും ചുമത്തിയിട്ടുണ്ട്. ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയനാഥില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. അത് തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തുടരന്വേഷണത്തിനും നടപടിക്കുമായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ബിശ്വനാഥ് സിന്‍ഹയുടെയും ബി. അശോകിന്റെയും നേതൃത്വത്തില്‍ ചീഫ് സെക്രട്ടറി സമിതി രൂപീകരിച്ചത്.

shortlink

Post Your Comments


Back to top button