തിരുവനന്തപുരം : തിരുവോണനാളില്‍ കേരളത്തെ ഞെട്ടിച്ച ഇരട്ട കൊലപാതകം ,കൊലപ്പെടുത്തിയെന്ന് അക്രമികള്‍ ആദ്യം വിവരം ധരിപ്പിച്ചത് അടൂര്‍ പ്രകാശിനെയാണെന്ന ആരോപണം . ഇതുസംബന്ധിച്ച് പ്രതികരണവുമായി അടൂര്‍ പ്രകാശ് എം.പിയും രംഗത്ത് എത്തി. ഈ ആരോപണം തെളിയിക്കേണ്ട ബാധ്യത അത് ഉന്നയിച്ച മന്ത്രിക്കാണെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പ്രതികളാരും തന്നെ വിളിച്ചിട്ടില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഞാന്‍ പാര്‍ലമെന്റ് അംഗമായിട്ട് ഒന്നേകാല്‍ വര്‍ഷമായി. ഈ മണ്ഡലത്തിനു കീഴിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലുമുള്ള ആളുകള്‍ വിളിക്കാറുണ്ട്. പാര്‍ട്ടിയുള്ളവരും അല്ലാത്തവരും വിളിക്കും. സിപിഎമ്മിന്റെ ആളുകള്‍ പോലും അവരുടെ ആവശ്യമുന്നയിച്ച് ഫോണില്‍ വിളിക്കാറുണ്ട്. ആവശ്യങ്ങള്‍ ന്യായമെന്ന് തോന്നിയാല്‍ അതു ചെയ്തുകൊടുക്കേണ്ടത് എന്റെ ചുമതലയാണ്’ – അടൂര്‍ പ്രകാശ് പറഞ്ഞു.
കൊലപാതകവുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ സഹായം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ സംസ്‌കാരമല്ല. അത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ശീലിച്ചുവന്ന കാര്യമാണ്. അതിലേക്ക് കോണ്‍ഗ്രസിനെക്കൂടി വലിച്ചിഴയ്ക്കാനാണ് ശ്രമം. ഇപ്പോള്‍ എല്ലാ സൗകര്യങ്ങളും അവര്‍ക്കുണ്ടല്ലോ. ഭരണം അവരുടെ കയ്യിലാണ്. മുഖ്യമന്ത്രിയാണ് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് എന്നെ പ്രതികള്‍ വിളിച്ചിട്ടുണ്ടെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം ആരോപണം ഉന്നയിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജനും പാര്‍ട്ടി ജില്ലാ സെക്രട്ടറി എന്ന നിലയില്‍ ആനാവൂര്‍ നാഗപ്പനും ഏറ്റെടുക്കുന്നതാകും നല്ലത്’ – അടൂര്‍ പ്രകാശ് പറഞ്ഞു.
ഈ കൊലക്കേസുമായി ബന്ധപ്പെട്ട പ്രതികളിലൊരാള്‍ സിഐടിയുക്കാരനാണ്. ഇത് മറച്ചുപിടിക്കാനുള്ള തന്ത്രമായാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്തായാലും അന്വേഷണം നടക്കുകയാണല്ലോ. ഈ പറഞ്ഞ ആരോപണവും അന്വേഷിക്കട്ടെ. ഞാന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 23 വര്‍ഷം എംഎല്‍എയായിരുന്നു. രണ്ടു പ്രാവശ്യം മന്ത്രിയായിരുന്നു. എന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം ഇടപെടലൊന്നും നടത്തിയിട്ടില്ല – അടൂര്‍ പ്രകാശ് പറഞ്ഞു.
Post Your Comments