തന്റെ വാട്ട്സാപ്പ് ചാറ്റുകൾ വിവാദമായ സംഭവത്തിൽ പ്രതികരണവുമായി റിപ്പബ്ലിക്ക് ടി.വി. എഡിറ്റര്‍ ഇന്‍-ചീഫ് അര്‍ണബ് ഗോസ്വാമി. റിപ്പബ്ലിക്കിനെതിരായ ഗൂഢാലോചനയിൽ പാകിസ്ഥാന്റെ കൈകളാണെന്ന് ഇപ്പോൾ വ്യക്തമാകുന്നുവെന്ന് അർണബ് ഗോസ്വാമി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു. ഇന്ത്യയ്‌ക്കെതിരായ തന്ത്രങ്ങളിലും ആക്രമണങ്ങളിലും പാകിസ്ഥാന് മുന്നിൽ എന്നും തടസം നിന്നിട്ടുള്ള റിപ്പബ്ലികിനെ താറടിച്ച് കാണിക്കാൻ ലഭിച്ച അവസരം പാകിസ്ഥാൻ ഉപയോഗിക്കുകയാണെന്ന് പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.
റിപ്പബ്ലിക്കിനെതിരായ അപകീർത്തികരമായ പോലീസ് നടപടിയെ പിന്തുണച്ച് പ്രധാനമന്ത്രിയും പാകിസ്ഥാൻ വിദേശകാര്യമന്ത്രിയും രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രതികരണവുമായി അര്‍ണബ് ഗോസ്വാമി നേരിട്ട് രംഗത്തെത്തിയത്. റിപ്പബ്ലിക്കിനെതിരായ പാകിസ്ഥാൻ സർക്കാർ നടത്തുന്ന ഗൂഢാലോചകൾ ഇപ്പോൾ മറനീക്കി പുറത്തേക്ക് വരികയാണെന്നും അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഐഎസിന്റെ കളിപ്പാവയായി നിയമിതനായ ഇമ്രാൻ ഖാൻ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നതെന്നും അർണബ് വ്യക്തമാക്കുന്നു.
‘പുൽവാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ച കാര്യമാണ്. തിരിച്ചടിക്കണമെന്ന കാര്യത്തിൽ ഒരു ദേശീയവാദിയുടെയും മനസ്സിൽ സംശയമുണ്ടായിരുന്നില്ല. അതുപോലെ തന്നെ നമ്മൾ അത് ചെയ്തു, തിരിച്ചടിച്ചു. ബലാക്കോട്ട് തിരിച്ചടി ഇമ്രാൻ ഖാൻ നിഷേധിച്ചെങ്കിലും ഒടുവിൽ അംഗീകരിക്കേണ്ടി വന്നു. ബലാക്കോട്ടിനെ കുറിച്ച് തെറ്റായ തീരുമാനങ്ങളൊന്നുമുണ്ടായിട്ടില്ല. പാകിസ്ഥാൻ ഭീകരതയ്ക്കുള്ള മറുപടിയായിരുന്നു അത്.’
‘പാകിസ്ഥാൻ നടത്തിയ ആരോപണത്തെ വദ്ര കോൺഗ്രസും റിപ്പബ്ലിക് വിരുദ്ധ മാധ്യമങ്ങളും പിന്തുണച്ചത് എന്നെ ഞെട്ടിച്ചു. ഓരോ ഇന്ത്യക്കാരനും പുൽവാമ ഭീകരാക്രമണത്തോട് പ്രതികാരം ചെയ്യാൻ ആഗ്രഹിച്ചവരാണ്. അക്കൂട്ടത്തിൽ റിപ്പബ്ലിക്ക് ചാനലുമുണ്ടായിരുന്നു. എന്നാൽ, ചാനലിനോട് ‘എന്തിനാണ് ലജ്ജയില്ലാത്ത അവസരവാദമെന്നാ’യിരുന്നു പല മാധ്യമങ്ങളും ചോദിച്ചത്. ആ ചോദ്യം അപ്രതീക്ഷിതമായിരുന്നു. റിപ്പബ്ലിക് വിരുദ്ധ ചാനലുകൾ ഐഎസ്‌ഐയ്ക്കും ഇമ്രാൻ ഖാനും മുന്നിലെ കളിപ്പാവകൾ ആകുന്നുവെന്ന സത്യം എന്നെ വേദനിപ്പിക്കുന്നുണ്ട്’
‘പാക്കിസ്ഥാൻ ഗവൺമെന്റിന്റെ ആരോപണത്തെ റിപ്പബ്ലിക് ശക്തമായി എതിർക്കുന്നു. സത്യത്തെ കൈകാര്യം ചെയ്യാൻ ഇമ്രാൻ ഖാന് സാധിക്കുന്നില്ല. ഇമ്രാൻ ഖാൻ അതിര് കടന്നിരിക്കുകയാണ്. ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ ഗൂഢാലോചനകൾക്ക് എന്നും റിപ്പബ്ലിക് ഒരു തടസമായിരുന്നു. ഞങ്ങൾക്ക് വളരെയധികം ജനപിന്തുണയാണ് ലഭിക്കുന്നത്. നമ്മൾ ഇത് ഒരുമിച്ച് പോരാടുകയും ഒരുമിച്ച് വിജയിക്കുകയും ചെയ്യും!’- അർണബ് കുറിച്ചു.
ബാലകോട് വ്യോമാക്രണം മോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് നടത്തിയതാണെന്ന് 2019ൽ തന്നെ താൻ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭയിൽ പറഞ്ഞിരുന്നുവെന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ പ്രതികരണം. ഇന്ത്യൻ സര്‍ക്കാരും മാധ്യമങ്ങളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് അര്‍ണബ് ഗോസ്വാമിയുടെ ചാറ്റിൽ നിന്ന് വ്യക്തമാകുന്നതാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ട്വീറ്റ് ചെതത്.
#RepublicVsPakistan | Response from Arnab Goswami, Editor-in-Chief Republic Media Network, to @ImranKhanPTI‘s statement. pic.twitter.com/mZTVRspAhc
— Republic (@republic) January 18, 2021
ബാലകോട്ട് വ്യോമാക്രമണം തെറ്റിദ്ധാരണ പരത്താനായി നടത്തിയ ഓപ്പറേഷനാണെന്നും ഇത് ബിജെപിയുടെ നാടകമായിരുന്നുവെന്നുമാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഞായറാഴച് പ്രതികരിച്ചത്. അതീവരഹസ്യമായി നടത്തിയെന്ന് പറയപ്പെടുന്ന ആക്രമണത്തെപ്പറ്റി അര്‍ണബ് ഗോസ്വാമിയ്ക്ക് നേരത്തെ അറിവുണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പാകിസ്ഥാൻ ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിനുള്ള മറുപടിയാണ് അർണബ് ഇപ്പോൾ നൽകിയിരിക്കുന്നത്.
Post Your Comments