തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യ ദിനത്തില്‍ 8062 ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കൊവിഡ് വാക്‌സിന്‍ രണ്ടാംഘട്ട കുത്തിവെയ്പ്പിനും കേരളം സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. രണ്ടാംഘട്ടത്തിനുള്ള രജിസ്ട്രേഷനും സംസ്ഥാനത്ത് പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കി വരുന്നുണ്ടെന്നും കെ.കെ ശൈലജ അറിയിച്ചു.
പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (857) വാക്‌സിന്‍ സ്വീകരിച്ചത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളിലും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങളില്‍ വീതവും ബാക്കി ജില്ലകളില്‍ 9 കേന്ദ്രങ്ങളില്‍ വീതമാണ് വാക്‌സിനേഷന്‍ നടന്നത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസര്‍ഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യ ദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ 11.15 മുതല്‍ വൈകിട്ട് 5 വരെയാണ് വാക്‌സിന്‍ കുത്തിവെയ്പ്പ് ഉണ്ടായിരുന്നത്. ആര്‍ക്കും തന്നെ വാക്‌സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും തന്നെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ നേരിടാന് ആരോഗ്യ വകുപ്പ് എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിരുന്നു. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ ആംബുലന്‍സ് സേവനം എന്നിവ ലഭ്യമാക്കിയിരുന്നു.
Post Your Comments