റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങൾക്കുള്ളിൽ കോടികള്‍ സ്വന്തമാക്കി ദളപതി വിജയ് ചിത്രം മാസ്റ്റര്‍. മാസ്‌റ്ററിന്റെ കളക്ഷന്‍ നൂറ് കോടി പിന്നിട്ടിരിക്കുകയാണ്. കൊവിഡ് പ്രതിസന്ധികൾക്കിടയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളൊന്നും ചിത്രത്തെ ബാധിച്ചിട്ടില്ല. 100 കോടിയിൽ 55 കോടി രൂപ തമിഴ്നാട്ടില്‍ നിന്ന് മാത്രം വാരിക്കൂട്ടിയതാണ്.
ലോക്ക്ഡൗണിന് ശേഷം തീയറ്ററുകള്‍ തുറന്നപ്പോള്‍ ആദ്യമായെത്തിയ ബിഗ് ബഡ്‌ജറ്റ് റിലീസ് ആയിരുന്നു മാസ്റ്ററിന്റേത്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, കേരളം, ഉത്തരേന്ത്യ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന റിലീസ് കേന്ദ്രങ്ങള്‍. നിര്‍മ്മാതാക്കളായ എക്സ്ബി ഫിലിം ക്രിയേറ്റേഴ്സ് പുറത്തുവിട്ടിരിക്കുന്ന കണക്കുകള്‍ പ്രകാരം തമിഴ്നാട്ടിലെ ആദ്യദിനത്തിലെ കളക്ഷന്‍ 25 കോടിയോളം ആയിരുന്നു. ആന്ധ്ര, തെലങ്കാന 10.4 കോടി, കര്‍ണാടക 5 കോടി, കേരളം 2.17 കോടി എന്നിങ്ങനെയായിരുന്നു ആദ്യദിന കളക്ഷന്‍.
ഗള്‍ഫില്‍ നിന്ന് ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ 1.35 മില്യണ്‍ ഡോളര്‍, സിംഗപ്പൂര്‍ – 3.7 ലക്ഷം ഡോളര്‍, ഓസ്ട്രേലിയ – 2.95 ലക്ഷം ഡോളര്‍, ശ്രീലങ്ക – 2.4 ലക്ഷം ഡോളര്‍, യു എസ് എ – 1.5 ലക്ഷം ഡോളര്‍ എന്നിങ്ങനെയാണ് കണക്കുകള്‍. ശനിയും ഞായറും തിയേറ്ററുകൾ നിറഞ്ഞു കവിയുമെന്നാണ് അണിയറ പ്രവർത്തകർ കരുതുന്നത്.
Post Your Comments