ഗാന്ധിനഗര്‍ : മനുഷ്യരെപ്പോലെ ശാരീരികവും മാനസികവുമായ വേദന ഗ്രഹിയ്ക്കാന്‍
മൃഗങ്ങള്‍ക്കും ശേഷിയുണ്ടെന്ന് ഗുജറാത്ത് ഹൈക്കോടതി. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമപ്രകാരം അറസ്റ്റിലായ പ്രതിയുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ട് ജസ്റ്റിസ് ബേല എം ത്രിവേദിയുടെ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്നതിനുള്ള നിയമത്തിന്റെ വകുപ്പുകള്‍, മൃഗ സംരക്ഷണ നിയമത്തിന്റെ വകുപ്പുകള്‍ എന്നിവ പ്രകാരം കുറ്റം ചുമത്തിയ കേസ് പരിഗണിക്കവേയാണ് ബെഞ്ചിന്റെ നിരീക്ഷണം. ക്രൂരമായി പെരുമാറുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുന്നതിനാണ് മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയുന്ന നിയമം, മൃഗസംരക്ഷണ നിയമം എന്നിവ നിര്‍മ്മിച്ചിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. തങ്ങള്‍ക്കു നേരെയുണ്ടാകുന്ന ശാരീരിക പീഡനത്തിന്റെ തീവ്രത മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കും അനുഭവിയ്ക്കാന്‍ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.
2020 മാര്‍ച്ച് ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 15 പശുക്കളേയും ഏഴ് കന്നുക്കുട്ടികളേയും കാലുകളും കഴുത്തും ബന്ധിച്ച് ട്രക്കില്‍ കടത്തിയ ആളെ കേസിലെ പരാതിക്കാരനും പൊലീസ് കോണ്‍സ്റ്റബിളുമായ നിതേഷ്ഭായിയും സഹപ്രവര്‍ത്തകരും തടഞ്ഞു നിര്‍ത്തുകയായിരുന്നു. ട്രക്കിന്റെ ഉടമ തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. വാഹനത്തില്‍ മൃഗങ്ങള്‍ക്ക് വെള്ളത്തിനോ ഭക്ഷണത്തിനോ ഉള്ള സൗകര്യവും ഒരുക്കിയിരുന്നില്ല. അതേസമയം, കാലികളെ വാങ്ങുകയും വില്‍ക്കുകയും പ്രവൃത്തിയിലാണ് താനേര്‍പ്പെട്ടിരിക്കുന്നതെന്നും മൃഗങ്ങളുടെ കശാപ്പില്‍ തനിക്ക് പങ്കില്ലെന്നും പ്രതി ജാമ്യാപേക്ഷയില്‍ പറഞ്ഞു.
Post Your Comments