കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസില്‍ വീണ്ടും പ്രതിസന്ധി. പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തു പോകുന്നുവെന്നും സൂചനനൽകി ശതാബ്ദി റോയ്. 2009 മുതല്‍ ബീര്‍ഭൂമില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമാണ് ശതാബ്ദി റോയ്. തന്റെ നിയോജകമണ്ഡലത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും അത് തന്നെ മാനസികമായി വേദനിപ്പിച്ചെന്നും ശതാബ്ദി റോയ് പറഞ്ഞു.
പാര്‍ട്ടിയില്‍ കൂടിയാലോചനകളില്ലെന്നും പല പൊതുപരിപാടികളില്‍ നിന്നും തന്നെ ബോധപൂര്‍വ്വം മാറ്റിനിര്‍ത്തുകയാണെന്നും ഏറെ മാനസിക പ്രയാസം അനുഭവിക്കുന്നതായും ശതാബ്ദി റോയ് പറഞ്ഞു. തന്റെ തീരുമാനം ശനിയാാഴ്ച ഉച്ചയ്ക്ക് 2 മണിക്കു പ്രഖ്യാപിക്കുമെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരിക്കുകയാണ് ശതാബ്ദി റോയ്.
”തനിക്ക് ബീര്‍ഭൂം നിയോജകമണ്ഡലവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ അടുത്തിടെ എല്ലാവരും ചോദിക്കുന്നു എന്തുകൊണ്ടാണ് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാത്തതെന്ന്?. പലപരിപാടികളിലും പങ്കെടുക്കണമെന്നാഗ്രഹമുണ്ട്. തന്റെ മണ്ഡലത്തില്‍ നടക്കുന്ന പാര്‍ട്ടി പരിപാടികള്‍ പോലും താന്‍ അറിയുന്നില്ല. പിന്നെ എങ്ങനെയാണ് പങ്കെടുക്കാന്‍ കഴിയുക.
കഴിഞ്ഞ പത്തുവര്‍ഷം താന്‍ കുടുംബത്തോടൊപ്പം ചെലവഴിച്ചതിനേക്കാള്‍ സമയം പാര്‍ട്ടിക്കുവേണ്ടിയാണ് ചെലവിട്ടത്. ഇത് എതിരാളികള്‍ പോലും സമ്മതിക്കും. ഈ വര്‍ഷം ഞാന്‍ പുതിയ ചില തീരുമാനങ്ങള്‍ എടുക്കാന്‍ പോകുകയാണ്. അതിലൂടെ മുഴുവന്‍ സമയവും നിങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2009 മുതല്‍ നിങ്ങള്‍ എന്നെ പിന്തുണയ്ക്കുകയാണ്. ഞാന്‍ നിങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു. വരും ദിവസങ്ങളിലും അതുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്” ശതാബ്ദി റോയ് പറഞ്ഞു.
ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച ശതാബ്ദി അമിത് ഷായെ കാണുമെന്നും ബിജെപിയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments