കോന്നിയില്‍ സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തൂങ്ങി മരിച്ച സംഭവത്തിൽ സി പി എമ്മിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ആത്മഹത്യയ്ക്ക് പിന്നിൽ സി പി എം ആണെന്ന ഓമനക്കുട്ടന്റെ കുടുംബം ആരോപിച്ചിരുന്നു. കുടുംബത്തിന്റെ ആരോപണത്തിൽ അന്വേഷണം വേണമെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
Also Read: ‘പതിനഞ്ചുകാരിക്ക് പ്രസവിക്കാന്‍ കഴിയും, പിന്നെന്തിന് വിവാഹപ്രായം 21 ആക്കണം’; കോൺഗ്രസ് എംഎൽഎ
ഓമനക്കുട്ടന് സി.പി.എമ്മിന്റെ നിരന്തര ഭീഷണിയുണ്ടായിരുന്നുവെന്ന് ഭാര്യ രാധ പറഞ്ഞത് ഗൗരവതരമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോന്നി ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിലെ ഇടതുമുന്നണി സ്ഥാനാർഥി തോറ്റതാണ് ഭീഷണിക്ക് കാരണം. ദിവസങ്ങൾക്ക് മുമ്പ് ഓമനക്കുട്ടനെ സി.പി.എം പ്രവർത്തകർ തടഞ്ഞുനിർത്തി മർദ്ദിക്കാൻ ഒരുങ്ങിയിരുന്നു. വെള്ള പുതപ്പിച്ച് കിടത്തുമെന്നും ഭീഷണിപ്പെടുത്തി. പാർട്ടിക്കാർ തന്നെ ഒറ്റപ്പെടുത്തി ശത്രുവായി കാണുകയാണെന്ന് ഓമനക്കുട്ടൻ പറഞ്ഞിരുന്നുവെന്നും ഭാര്യ പറഞ്ഞത് ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു ദിവസമായി ഓമനക്കുട്ടൻ മുറിയിൽ കയറി വാതിലടച്ചിരിക്കുകയായിരുന്നു. സിപിഎമ്മിന്റെ ഭീഷണിയാണ് ആത്മഹത്യക്ക് കാരണമെന്നതിന് മറ്റൊരു തെളിവ് ആവശ്യമില്ല. സംഭവത്തിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Also Read: പൊങ്കൽ ആഘോഷം ; ജെപി നദ്ദയും മോഹൻ ഭാഗവതും ഇന്ന് തമിഴ്‌നാട്ടിലെത്തും
സംഭവത്തില്‍ സിപിഎം പ്രാദേശിക നേതൃത്വത്തിന് എതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തി. ഓമനക്കുട്ടനെ പാര്‍ട്ടിക്കാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് ഭാര്യ രാധ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ” കളളക്കേസില്‍ കുടുക്കുമെന്ന് അനീഷും ശ്രീകുമാറും അജിതയും പറഞ്ഞിരുന്നു. പാര്‍ട്ടിക്ക് വേണ്ടി ഇത്രയും നാള്‍ ജീവിച്ചതാണ്. പതിനെട്ടാമത്തെ വയസില്‍ തുടങ്ങിയതാണ് പാര്‍ട്ടി പ്രവര്‍ത്തനം. തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു ഭീഷണി.” – എന്നാണ് ഭാര്യ രാധ പ്രമുഖ മാധ്യമത്തോട് പറഞ്ഞത്.
കോന്നി വട്ടക്കാവ് സ്വദേശി സി കെ ഓമനക്കുട്ടനെ (48) ആണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ നടക്കാന്‍ പോയ ഭാര്യ തിരികെ വന്നപ്പോഴാണ് വീടിന്റെ പരിസരത്ത് ഓമനക്കുട്ടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നേതൃത്വവുമായുളള അസ്വാരസ്യവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷമായി ഓമനക്കുട്ടന്‍ പാര്‍ട്ടിയില്‍ സജീവമല്ല.
Post Your Comments