Latest NewsNewsIndia

ഗോവ ബീച്ചില്‍ ആഘോഷത്തിന് പോകുന്നവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയായി നഷ്ടപ്പെടുന്നത് വന്‍ തുക

പുതുവര്‍ഷാഘോഷത്തിന് ശേഷം മദ്യ കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു

പനാജി : ഗോവ ബീച്ചില്‍ ആഘോഷത്തിന് പോകുന്നവര്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിഴയായി നഷ്ടപ്പെടുന്നത് വന്‍ തുകയായിരിയ്ക്കും. മാലിന്യപ്രശ്നം അതിരൂക്ഷമായതോടെ ഗോവയിലെ ബീച്ചുകളിലിരുന്ന് മദ്യപിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിയ്ക്കുകയാണ് സര്‍ക്കാര്‍. ഗോവ വിനോദ സഞ്ചാര വകുപ്പാണ് വിലക്കേര്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയത്.

വിലക്ക് ലംഘിച്ചാല്‍ 10,000 രൂപ വരെ പിഴയീടാക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. മദ്യപിക്കുന്നത് കണ്ടെത്തിയാല്‍ വ്യക്തിക്ക് 2000 രൂപയും കൂട്ടം ചേര്‍ന്നാണ് മദ്യപിക്കുന്നതെങ്കില്‍ 10,000 രൂപ ചുമത്താനുമാണ് നിര്‍ദ്ദേശം. പോലീസിനാണ് ഇത് സംബന്ധിച്ച ചുമതല നല്‍കിയിരിക്കുന്നത്. പുതുവര്‍ഷാഘോഷത്തിന് ശേഷം മദ്യ കുപ്പികളും മാലിന്യങ്ങളും ബീച്ചുകളില്‍ നിറഞ്ഞ അവസ്ഥയിലായിരുന്നു. വലിച്ചെറിയുന്ന മദ്യ കുപ്പികള്‍ പൊട്ടി സഞ്ചാരികള്‍ക്ക് പരിക്കേല്‍ക്കുന്ന അവസ്ഥയുമുണ്ടായിരുന്നു. ഇതിന് ഒരു പരിഹാരം കാണുന്നതാണ് പുതിയ നിയമം.

മദ്യപിക്കുന്നവരെ നിയന്ത്രിക്കാന്‍ ടൂറിസ്റ്റ് പോലീസ് സേനയുണ്ടാക്കാനും സര്‍ക്കാര്‍ ഒരുങ്ങുന്നുണ്ട്. ഗോവയിലെ ബീച്ചുകളിലെ മാലിന്യം ദിവസേന മൂന്ന് തവണ വൃത്തിയാക്കുമെങ്കിലും മണലിനടിയില്‍ തിരയാന്‍ ബുദ്ധിമുട്ടായതിനാലാണ് പുതിയ തീരുമാനമെന്ന് ടൂറിസം വകുപ്പ് പറയുന്നു. ബീച്ച് ശുചീകരിക്കാനായി ഗോവ സര്‍ക്കാര്‍ പ്രതിവര്‍ഷം 10 കോടി രൂപയാണ് ചെലവഴിക്കുന്നത്. ബീച്ചുകളില്‍ മദ്യപിക്കുന്നത് വിലക്കിയതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കാന്‍ ടൂറിസം വകുപ്പ് ബോര്‍ഡുകളും പ്രദേശത്ത് സ്ഥാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button