Latest NewsKeralaNews

കേന്ദ്രത്തിലെ ‘മോട്ടാഭായിയുടെയും ഛോട്ടാഭായിയുടെയും പാദസേവകരായ കസ്റ്റംസേ കൂടുതല്‍ കളിച്ചാല്‍ വിവരം അറിയും

ഇത് കേന്ദ്രമല്ല കേരളമാണ്, ഭീഷണിയും വിരട്ടലുമായി ഇടത് സംഘടന

കൊച്ചി : കേന്ദ്രത്തിലെ ‘മോട്ടാഭായിയുടെയും ഛോട്ടാഭായിയുടെയും പാദസേവകരായ കസ്റ്റംസേ കൂടുതല്‍ കളിച്ചല്‍ വിവരം അറിയും ഇത് കേന്ദ്രമല്ല കേരളമാണ്, ഭീഷണിയും വിരട്ടലുമായി ഇടത് സംഘടന. അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ രംഗത്ത് വന്നത്. കസ്റ്റംസിനെതിരെ ഡി.ജി.പിക്ക് സംഘടന പരാതിയും നില്‍കി. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി വിളിച്ചപ്പോഴാണ് മര്‍ദിച്ചതും അസഭ്യം പറഞ്ഞതെന്നും പരാതിയില്‍ പറയുന്നു. കസ്റ്റംസിനെതിരെ നോട്ടീസും പുറത്തിറക്കി. കൂടുതല്‍ പ്രതികാരനടപടികളുമായി മുന്നോട്ട് പോകുകയാണെങ്കില്‍ പരസ്യമായി തന്നെ പ്രതികരിക്കുമെന്നും സംഘടന പറയുന്നു.

Read Also :രാജ്യത്ത് ഏകീകൃത തെരഞ്ഞെടുപ്പ്, പൊളിച്ചെഴുത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഈ മാസം 5നാണ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ എം.എസ്.ഹരികൃഷ്ണന്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായത്. കൊച്ചി ഓഫിസിലാണ് ഹരികൃഷ്ണന്‍ എത്തിയത്. നയതന്ത്ര ചാനല്‍ വഴി ബാഗേജുകള്‍ എത്തിച്ച സംഭവത്തിലും സ്പീക്കര്‍ അടക്കമുള്ളവരുടെ വിദേശ യാത്രകളിലും വ്യക്തതയുണ്ടാക്കുന്നതിനാണ് മൊഴിയെടുത്തത്.

സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ഇറക്കിയ നോട്ടീസിന്റെ പൂര്‍ണ രൂപം

തരമറിഞ്ഞ് കളിക്കണം കൂട്ടിലടച്ച കസ്റ്റംസ്

സുഹൃത്തുക്കളേ,

കേന്ദ്രത്തിലെ ‘മോട്ടാഭായിയുടെയും ഛോട്ടാഭായിയുടെയും പാദസേവകരായ ഏതെങ്കിലും പടുജന്മങ്ങള്‍ സെക്രട്ടറിയേറ്റ് ജീവനക്കാരെ മൂക്കില്‍ കയറ്റിക്കളയാമെന്ന് കരുതുന്നുവെങ്കില്‍ അത്തരക്കാരോട് പോ..മോനേ ലാലൂ.. എന്നേ പറയാനുള്ളൂ. ഭരണഘടനയെ മുറുകെ പിടിച്ച് ജനാധിപത്യത്തിന്റെ കാവലാളുകള്‍ ഭരണം നടത്തുന്ന നാടാണിത്. അതിനെ പിരിച്ചുവിട്ട് സംഘികൈകളില്‍ ഏല്‍പ്പിക്കാമെന്ന് ഏതെങ്കിലും വടക്കന്‍ ഗോസ്വാമി നാഗ്പൂരില്‍ നിന്നും അച്ചാരവും വാങ്ങി വന്നാല്‍ അത് കളസം കീറുന്ന പണിയായി പോകും. ഓര്‍ത്തോ.. ഇത് കളിത്തട്ട് വേറെയാണ്. പോയി വേറെ പണി നോക്കണം ഹേ..

വികസന കുതിപ്പില്‍ ലോകത്തിനൊപ്പം കേരളത്തിലെ ഇടതുപക്ഷ ഭരണം മുന്നോട്ടുപോകുമ്പോള്‍, സംഘപരിവാരങ്ങളുടെയും, കോര്‍പ്പറേറ്റുകളുടെയും ഷൂ നക്കി അന്വേഷണ ഏജന്‍സികള്‍ വക്കാലത്തുമായി സെക്രട്ടേറിയറ്റ് ജീവനക്കാരുടെ മേല്‍ അടച്ചിട്ട മുറികളില്‍ കുതിര കയറാന്‍ ഇറങ്ങിയിരിക്കുകയാണ്.

വലിയ വലിയ കുതിരകള്‍ മണ്ണു തിന്ന ചരിത്രം കസ്റ്റംസ് ഞൊണ്ടി കുതിരകള്‍ ഓര്‍ക്കുന്നത് നന്ന്. അഴിമതിയുടെ കഥ ലവലേശം തീണ്ടാത്ത സെക്രട്ടേറിയേറ്റിനെയും ജീവനക്കാരെയും പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്രഭരണകൂടം വിലയ്ക്കുവാങ്ങി ഉപയോഗിക്കുന്ന കൂട്ടിലടച്ച ‘ലാലു’മാര്‍ അല്ല സാക്ഷാല്‍ മുത്തുപട്ടര്‍ വന്നാലും എംപ്ലോയീസ് അസോസിയേഷന്റെ സംഘശക്തി എന്താണെന്ന് അറിഞ്ഞേ പോകൂ മോനെ. വിവിധ അന്വേഷണ ഏജന്‍സികള്‍ മാറി മാറി അന്വേഷിച്ചിട്ടും ഏതൊന്നും കണ്ടെത്താനാവാതെ രാഷ്ട്രീയ ലക്ഷ്യം വച്ച് സര്‍ക്കാരിനെതിരെ പറയാന്‍ നിരപരാധികളായ സെക്രട്ടേറിയറ്റ് ജീവനക്കാരെ നിരന്തരം പീഡിപ്പിച്ചുവരികയാണ്. അതിന്റെ അവസാനത്തെ ഇരയാണ് അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ സ. ഹരികൃഷ്ണന്‍ എം.എസ്.

കസ്റ്റംസ് പോലും കസ്റ്റംസ്.. കഷ്ടംസ്. എന്‍.ഐ.എ പോലുള്ള ലോകമറിയുന്ന അന്വേഷണ ഏജന്‍സി പോലും ചോദ്യം ചെയ്തിട്ടും ഏതൊന്നും കണ്ടെത്താനായിട്ടില്ല. കടത്തിയും കൂട്ടിക്കൊടുത്തും മിറച്ചുകൊടുത്തും കമ്മീഷന്‍ പറ്റിയും അങ്ങാടിയില്‍ തോറ്റവരാണ് ഇപ്പോള്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. കട്ടവനെ കിട്ടിയില്ലെങ്കിലെന്താ കിട്ടിയവനിരിക്കട്ടെയെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ലാലുവിന്റെ രീതി. നോട്ടീസ് കൈപ്പറ്റിയില്‍ നേരിട്ട് കാര്യങ്ങള്‍ ബോധിപ്പിക്കുകയെന്നത് ഏതൊരാളിന്റെയും ബാധ്യതയാണ്.

കസ്റ്റംസിന്റെ നോട്ടീസ് പ്രകാരം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന്‍ ഹാജരാകുമ്പോള്‍ പൂരപ്പാട്ടു പാടിയും, മേശമേല്‍ ഇടിച്ചും, പേപ്പര്‍ വെയിറ്റ് എറിഞ്ഞും ഭീഷണിപ്പെടുത്തി നിരപരാധികളെ കുറ്റക്കാരനാക്കാമെന്ന് കസ്റ്റംസ് കരുതുന്നത്. വിശുദ്ധ പശുവില്ലാത്ത കസ്റ്റംസിലെ ലാലുമോന്‍ കൂട്ടിലടച്ച വെറുമൊരു ചാവാലിയാണ്.

സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരെ അന്യായമായി ഉയരുന്ന കൈകള്‍ പിന്നീടവിടെ ഉണ്ടാവില്ലെന്ന് ഉറപ്പ് വരുത്താന്‍ കരുത്തുള്ള പ്രസ്ഥാനമാണ് എംപ്ലോയീസ് അസോസിയേഷന്‍. ജീവനക്കാരുടെ അസോസിയേഷന്‍ ഒറ്റക്കെട്ടായി ചെറുക്കും. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥകള്‍ക്കനുസരിച്ച് മൊഴി നല്‍കാന്‍ കാടന്‍ ഭേദ്യവഴികള്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരില്‍ ഉപയോഗിക്കുന്നതിനെതിരെ പ്രതിഷേധിക്കാന്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ ഒന്നടങ്കം തയ്യാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ

തിരുവനന്തപുരം കെ.എന്‍. അശോക് കുമാര്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button