
കുളത്തൂപ്പുഴ : വഴിയാത്രക്കാരെ ഇടിച്ചശേഷം നിർത്താതെ പോയ കാർ തടിലോറിയിൽ ഇടിച്ചുമറിഞ്ഞ് കാറിലുണ്ടായിരുന്ന രണ്ടു യുവാക്കൾക്കുകൂടി പരിക്കേറ്റിരിക്കുന്നു.
ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം നടക്കുന്നത്. ചന്ദനക്കാവ് മിച്ചഭൂമിക്കു സമീപം പലചരക്കുകടയുടമ ദേവു, നാട്ടുകാരനായ രാജൻ എന്നിവർ മദ്യലഹരിയിൽ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
വലിയേലയ്ക്കു സമീപം ബൈക്ക് യാത്രക്കാരനായ ഒരാളെയും കുളത്തൂപ്പുഴ ജങ്‌ഷനിൽ തമിഴ്നാട്ടുകാരനായ മധ്യവയസ്കനെയും ഇടിച്ചിട്ട് കടന്ന കാർ ടെക്നിക്കൽ സ്കൂളിനു സമീപത്തെ വലിയവളവിൽ എതിരേ വന്ന തടിലോറിയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇതോടെ മലയോര ഹൈവേയിൽ ഏറെനേരം ഗതാഗതം മുടങ്ങുകയുണ്ടായി. പാതയിൽ കുടുങ്ങിയ കാർ പോലീസിന്‍റെ സഹായത്തോടെ പാതയരികിലേക്കു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പരിക്കേറ്റ് കാറിനുള്ളിൽ കുടുങ്ങിയവരെ നാട്ടുകാർ പുറത്തെടുത്ത് പുനലൂർ താലൂക്ക് ആശുപത്രിയിലേക്കും തുടർചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റുകയുണ്ടായി.
Post Your Comments