കൊല്ലം : യാത്രകൾ കൂടുതൽ സൗകര്യാർത്ഥമാക്കാൻ യാത്രക്കാരിൽ നിന്നുള്ള അഭിപ്രായം തേടി കെഎസ്ആർടിസി. സാധാരണ യാത്രക്കാർ ഏറെയും ആശ്രയിക്കുന്നത് ഓർഡിനറി ബസുകളെയാണ്. ഇതിന്റെ ഭാഗമായി ഓർഡിനറി സർവീസുകൾ സൗകര്യപ്രദമായി പുനഃക്രമീകരിക്കും. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ ജോലി ആവശ്യത്തിനായി ദീർഘദൂരം സഞ്ചരിക്കേണ്ടി വരുന്നവർക്കായി പ്രധാന നഗരങ്ങളിലേക്കു ഗ്രാമീണ റോഡുകൾ വഴി കൂടുതൽ ബസുകൾ ഓടിക്കും.
ചാത്തന്നൂർ ഡിപ്പോയിൽ നിന്നു പരവൂർ – പുനലൂർ സർവീസുകൾ ഉൾപ്പെടെ ആരംഭിച്ചിട്ടുണ്ട്. ജില്ലയിലെ പ്രധാന ഓഫിസുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയവയാകും ഇനി സർവീസ് ഡെസ്റ്റിനേഷൻ. പുനലൂരിൽ നിന്നു കൊല്ലം ബോർഡ് വച്ചു കെഎസ്ആർടിസി സ്റ്റാൻഡിലേക്കു വന്നിരുന്ന ബസ് ഇനി മുതൽ കൊല്ലം സിവിൽ സ്റ്റേഷൻ ബോർഡ് വച്ചായിരിക്കും സർവീസ് നടത്തുക.
സർവേ അടിസ്ഥാനമാക്കിയുള്ള മാറ്റങ്ങൾ ആദ്യം തലസ്ഥാന ജില്ലയിലാണു കൂടുതലായി നടപ്പാക്കുക. കൊല്ലം ജില്ലയിൽ പരീക്ഷണാർഥം ചില സർവീസുകൾ ഓടിച്ചു നോക്കിയതിനു ശേഷമായിരിക്കും വിവിധ ഡിപ്പോകളിൽ നിന്നുള്ള ഇത്തരം കൂടുതൽ സർവീസുകൾ ആരംഭിക്കുക.
Post Your Comments