വർക്കല; റിസോർട്ടിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലു പേരെ വർക്കല പൊലീസ് പിടികൂടിയിരിക്കുന്നു. വാടകയ്ക്കു എടുത്ത കാറുകൾ തിരികെ നൽകാത്തതിനെത്തുടർന്നു തർക്കത്തിൽ വാഹനം വാടകയ്ക്ക് എടുത്ത കൊല്ലം തഴുത്തല മൈലാപ്പൂർ പുതുച്ചിറ ഷെമീന മൻസിലിൽ ഷെഫീക്കിനെയാണ്(28) മാരകായുധങ്ങൾ ഉപയോഗിച്ചു ആക്രമിച്ചിരിക്കുന്നത്.
പരുക്കേറ്റ ഷെഫീക്കിനെ കാറിൽ തട്ടിക്കൊണ്ടുപോയി കൊല്ലം കിളികൊല്ലൂർ ചെന്താപ്പൂരിൽ എത്തിച്ചു കെട്ടിയിട്ട് മർദിച്ച ശേഷം മരിച്ചെന്നു കരുതി കൊല്ലം പരവൂർ പോളച്ചിറ ഏലയിൽ ഉപേക്ഷിച്ച സംഭവം കഴിഞ്ഞ ഡിസംബർ 11നാണ് ഉണ്ടായത്.
കൊല്ലം കിളികൊല്ലൂർ മണ്ണാമല ഒരുമനഗർ 170ൽ കൊള്ളിനിയാസ് എന്ന നിയാസ്(27), കൊല്ലം കിളികൊല്ലൂർ ടികെഎംസി (പിഒ) റെയ്ഹാൻ മൻസിലിൽ സഞ്ചു(21), കൊല്ലം തൃക്കോവിൽവട്ടം മൈലാപ്പൂർ നവാസ് മൻസിലിൽ നവാസ്(19), കൊല്ലം മങ്ങാട്ട് വില്ലേജിൽ മൂന്നാം കുറ്റിപള്ളിവിള പുത്തൻവീട്ടിൽ മുഹമ്മദ് അസ്‌ലം(26) എന്നിവരെയാണ് പൂവാറിൽ നിന്നു പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജില്ലാ പൊലീസ് മേധാവി ബി. അശോകന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നാണ് വർക്കല എസ്എച്ച്ഒ ജി.ഗോപകുമാർ, എസ്ഐമാരായ പി.അജിത്ത് കുമാർ, മനീഷ്, റൂറൽ ജില്ല ഷാഡോ ഗ്രേഡ് എഎസ്ഐ ബിജുഹഖ്, ഷാഡോ പൊലീസുകാരായ അനൂപ്, സുധീർ എന്നിവരടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.
Post Your Comments