പാറശ്ശാല : അതിർത്തിയിൽ നടന്ന മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌മെന്റ് സ്‌ക്വാഡിന്റെ പരിശോധനയ്ക്കിടയിൽ നിയമലംഘനം നടത്തിയ 46 ടിപ്പർ ലോറികൾ പിടിയിൽ. പാറ ഉൽപ്പന്നങ്ങളുമായെത്തിയ ടിപ്പർ ലോറികൾക്കാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഒറ്റ ദിവസംകൊണ്ട് അഞ്ചുലക്ഷത്തി എഴുപതിനായിരം രൂപയാണ് പിഴയായി ഈടാക്കിയത്.
പാറശ്ശാല ജോയന്റ് ആർ.ടി.ഓഫീസിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു മൂലം തിരുവനന്തപുരം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. എ.കെ.ദിലുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. നമ്പർ പ്ലേറ്റുകളില്ലാത്ത 16 വാഹനങ്ങൾ പിടികൂടി. കാര്യക്ഷമതാ പരിശോധന നടത്താത്ത ഒരു ടിപ്പറും അമിത ഭാരവുമായി എത്തിയ 14 ടിപ്പർ ലോറികളും ലൈറ്റുകളില്ലാത്ത ആറ് ടിപ്പറുകളും ഇൻഷുറൻസും ടാക്സും ഇല്ലാത്ത മൂന്ന് വീതം ടിപ്പർ ലോറികളും അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകൾ ഉപയോഗിച്ച മൂന്ന് ടിപ്പർ ലോറികളും പിടികൂടി.
വരുംദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് പാറശ്ശാല ജോയന്റ് ആർ.ടി.ഒ. എം.അൻവർ വ്യക്തമാക്കി.
Post Your Comments