Latest NewsIndiaNews

സങ്കീര്‍ണമായ ഉത്തരധ്രുവത്തിലൂടെ വിമാനം പറത്തി ചരിത്രം കുറിയ്ക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യയുടെ പെണ്‍പട

എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ സോയ അഗര്‍വാളാണ് ഫ്ളൈറ്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍

ബംഗളൂരു : എയര്‍ ഇന്ത്യയുടെ പെണ്‍പട ഒരു ചരിത്ര ദൗത്യവുമായി ഇറങ്ങുകയാണ്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബംഗളൂരു വരെ നോണ്‍ സ്റ്റോപ്പായി 14000 കിലോമീറ്ററിലധികം പറത്താനാണ് എയര്‍ ഇന്ത്യയുടെ പെണ്‍പട തയ്യാറെടുക്കുന്നത്. സങ്കീര്‍ണമായ ഉത്തരധ്രുവത്തിലൂടെയാണ് ഈ ചരിത്ര പറക്കല്‍ സാധ്യമാക്കുന്നത്.

എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ സോയ അഗര്‍വാളാണ് ഫ്ളൈറ്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍. ബോയിങ് 777 വിമാനമാണ് സോയയും കൂട്ടരും പറത്തുന്നത്. ക്രൂ അംഗങ്ങളും വനിതകളാണ്. സോയയ്ക്കൊപ്പം ക്യാപ്റ്റന്മാരായ തന്‍മയ് പപാഗരി, അകന്‍ക്ഷ സൊനാവനെ, ശിവാനി മന്‍ഹാസ് തുടങ്ങിയവരും ദൗത്യത്തിന്റെ ഭാഗമാകും.

” ഉത്തരധ്രുവത്തിന്റെ മാപ്പ് പോലും കാണാത്തവരാണ് കൂടുതല്‍ ആളുകളും. എന്നാല്‍ വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യയും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അഭിമാനം തോന്നുന്നുന്നു. ഏതൊരു ജോലിയും അസാധ്യമെന്ന് കാട്ടി സമൂഹം സമ്മര്‍ദ്ദത്തിലാക്കുമ്പോഴും സ്ത്രീകള്‍ക്ക് ആത്മവിശ്വാസമാണ് വേണ്ടത് ” – സോയ അഗര്‍വാള്‍ പറയുന്നു.

സാങ്കേതിക വൈദഗ്ധ്യവും കഴിവും പരിചയ സമ്പന്നതയും ഒത്തു വരുന്നവര്‍ക്ക് മാത്രമേ ഈ പാതയിലൂടെ വിമാനം പറത്താനാകൂവെന്നാണ് വ്യോമമേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. യുഎസിന്റെ പടിഞ്ഞാറന്‍ തീരത്തേക്ക് നോണ്‍ സ്റ്റോപ്പ് ഫ്ളൈറ്റുകള്‍ അനുവദിക്കാനുളള തീരുമാനത്തിന്റെ ഭാഗമായിട്ടാണ് സാന്‍ ഫ്രാന്‍സിസ്‌കോ -ബെംഗളൂരു സര്‍വ്വീസ് എയര്‍ ഇന്ത്യ ആരംഭിക്കുന്നത്. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ശനിയാഴ്ച രാത്രി 8.30-ന് പുറപ്പെടുന്ന വിമാനം ബംഗളൂരുവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30-ന് ആയിരിയ്ക്കും എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button