തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിലെ കൊവിഡ് ബാധിതരുടെ വോട്ടിനെ കുറിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. നിയമസഭാ തിരഞ്ഞെടുപ്പിലും കൊവിഡ് ബാധിതര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്നാണ് ടീക്കാറാം മീണ വ്യക്തമാക്കിയിരിയ്ക്കുന്നത്. കൊവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടോ പിപിഇ കിറ്റു ധരിച്ചുള്ള വോട്ടോ തിരഞ്ഞെടുക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
കൊവിഡ് രോഗികള്‍ക്ക് പിപിഇ കിറ്റ് ധരിച്ച് വോട്ട് ചെയ്യാനും തപാല്‍ വോട്ട് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടായിരിയ്ക്കുമെന്നും 80 വയസിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് തിരഞ്ഞെടുക്കാമെന്നും ടീക്കാറാം മീണ വ്യക്തമാക്കി. ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ തപാല്‍ വോട്ടിനായി തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് അഞ്ച് ദിവസത്തിനുള്ളില്‍ പൂര്‍ണ മേല്‍വിലാസത്തോടെ അതത് വരണാധികാരികള്‍ക്ക് അപേക്ഷ നല്‍കണം. ഇതനുസരിച്ച് തപാല്‍ വോട്ട് അനുവദിയ്ക്കും. തപാല്‍ വോട്ടിന്റെ വിതരണം, ശേഖരണം തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ പാലിയ്‌ക്കേണ്ട കൊവിഡ് മാനദണ്ഡങ്ങള്‍ സംബന്ധിച്ച് വിശദമായ കര്‍മ്മപദ്ധതി തയാറാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തപാല്‍ വോട്ടുമായി ബന്ധപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ പ്രത്യേകം മാര്‍ഗ നിര്‍ദ്ദേശം പറത്തിറക്കി. രാഷ്ട്രീയകക്ഷികളും ഉദ്യോഗസ്ഥരും വോട്ടര്‍മാരും പാലിയ്‌ക്കേണ്ട കാര്യങ്ങള്‍ വിശദമാക്കിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
Post Your Comments