പാകിസ്ഥാനും ഇന്ത്യയും തമ്മിൽ ഇപ്പോഴുള്ള പിരിമുറുക്കത്തിന് പൂർണ ഉത്തരവാദി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ടർക്കിഷ് ചാനലായ ‘എ ന്യൂസി‘ന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ ഇന്ത്യയുമായുള്ള ബന്ധത്തിന്റെ സ്ഥിതിഗതികൾ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ മുഴുവൻ പാകിസ്ഥാൻ വിരുദ്ധ വികാരങ്ങൾ ഉയർത്തിപ്പിടിക്കുകയായിരുന്നു മോദിയെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു.
താൻ അധികാരത്തിൽ വന്നപ്പോൾ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നതെന്നും അതിനായി ആദ്യ നീക്കം തന്നെ അതായിരുന്നുവെന്നും ഇമ്രാൻ ഖാൻ പറയുന്നു. സൗഹൃദം വളർത്തിയെടുക്കാനും പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മുന്നോട്ട് പോകാനും താൻ മോദിയോട് ആവശ്യപ്പെട്ടുവെന്നും പക്ഷേ, വിഷയത്തിൽ നരേന്ദ്ര മോദി പ്രതികരിച്ചില്ലെന്നും ഇമ്രാൻ ഖാൻ പറയുന്നു.
Also Read: പരിശീലനം ചെയ്യുന്നതിനിടെ പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ക്യാപ്റ്റന്‍ മുങ്ങി മരിച്ചു
പാകിസ്ഥാനും ഇന്ത്യയും തമ്മിൽ നിലനിൽക്കുന്ന തർക്ക പ്രശ്നമാണ് കശ്മീർ. കശ്മീർ തർക്ക പ്രശ്നം പരിഹാരം കാണാൻ ഞങ്ങൾ തയ്യാറാണെങ്കിലും ഇവിടുത്തെ പ്രധാന തടസം ഇന്ത്യയാണെന്ന് ഇമ്രാൻ ഖാൻ പറയുന്നു. 2019 ഓഗസ്റ്റ് 5 ലെ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടപടികൾക്ക് ശേഷം മോദി സർക്കാർ കശ്മീരിലെ മുസ്ലീം ഭൂരിപക്ഷം കുറയ്ക്കുന്നതിനായി അവിടെയുള്ള ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്താൻ ശ്രമിച്ചുവെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
“രണ്ട് ആണവ ശക്തികൾ തമ്മിലുള്ള തർക്കത്തിന് യുദ്ധം ഒരിക്കലും പരിഹാരമല്ല, അതിനാൽ കാശ്മീർ തർക്കത്തെക്കുറിച്ച് പാകിസ്ഥാൻ ലോക സമൂഹത്തെ ബോധവൽക്കരിക്കാൻ ശ്രമിക്കുകയാണ്.’ – അദ്ദേഹം പറഞ്ഞു.
Post Your Comments