ന്യൂഡല്‍ഹി: ദോശയ്ക്കൊപ്പം വിളമ്പിയ ചമ്മന്തിയില്‍ കൊടും വിഷം, ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെയാണ് വിഷം ചേര്‍ത്ത ഭക്ഷണം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വിഷം തന്ന് തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനാണ് രംഗത്ത് വന്നിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പായിരുന്നു ഈ സംഭവമെന്നും അദ്ദേഹം പറയുന്നു. നിലവില്‍ ഐഎസ്ആര്‍ഒയില്‍ മുതിര്‍ന്ന ഉപദേഷ്ടാവായി ജോലി നോക്കുന്ന തപന്‍ മിശ്രയാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഈ മാസം അവസാനത്തോടെ മിശ്ര സ്ഥാനത്ത് നിന്നും വിരമിക്കുകയാണ്.
Read Also : ഇതൊക്കെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയം
‘2017 മേയ് 23നായിരുന്നു ആ സംഭവം. ദോശയ്ക്കൊപ്പം വിളമ്പിയ ചമ്മന്തിയിലും തുടര്‍ന്ന് കഴിഞ്ഞ ലഘുഭക്ഷണത്തിലും വിഷം ചേര്‍ത്തിരുന്നു.’ ഉഗ്ര വിഷമായ ആഴ്സനിക്ക് ട്രയോക്സൈഡാണ് തനിക്ക് നല്‍കിയിരുന്നതെന്നും തപന്‍ മിശ്ര പറയുന്നു. ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലെ സ്പേസ് ആപ്ളിക്കേഷന്‍ സെന്ററില്‍ ഡയറക്ടറായി മിശ്ര ജോലി നോക്കിയിട്ടുണ്ട്.
ഭക്ഷണശേഷം തനിക്ക് രൂക്ഷമായ ശ്വാസതടസവും ത്വക്കില്‍ അസ്വസ്ഥതയും ഫംഗല്‍ രോഗബാധയുമുണ്ടായെന്ന് മിശ്ര പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി തന്നോട് ആഴ്സനിക് വിഷം ഉളളില്‍ ചെന്നതെന്ന് അറിയിക്കുകയും വൈദ്യസഹായത്തിന് സഹായിക്കുകയും ചെയ്തു. ഡല്‍ഹി എയിംസിലാണ് തന്നെ ചികിത്സിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മിശ്ര അറിയിച്ചു.
തനിക്ക് എതിരെ നടന്ന ശ്രമം ഒരു ചാരപ്രവര്‍ത്തനമാണെന്ന് തോന്നുന്നെന്നും മിശ്ര സംശയിക്കുന്നു. സംഭവം കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് തപന്‍ മിശ്രയുടെ ആവശ്യം. എന്നാല്‍ ഐ.എസ്.ആര്.ഒ അധികൃതര്‍ മിശ്രയുടെ വെളിപ്പെടുത്തലുകളില്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments